റോം: മദ്യപിച്ച് വാഹനമോടിച്ചാല്‍ പിടിവീഴുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. മദ്യപിച്ചുള്ള വാഹനമോടിക്കല്‍ അപകടങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടാണ് അത്തരത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് വന്‍ തുക പിഴയായി ഈടാക്കുന്നത്. എന്നാല്‍, ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ വേറിട്ടൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ഇറ്റലി. രാത്രി അമിതമായി മദ്യപിച്ചെന്ന് കണ്ടെത്തുന്നവര്‍ക്ക് അവരുടെ വാഹനത്തിന് പകരം സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ടാക്‌സി യാത്ര. !
പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ പദ്ധതി രാജ്യത്തെ ഉപപ്രധാനമന്ത്രിയും ഗതാഗത മന്ത്രിയുമായ മാറ്റിയോ സാല്‍വിനിയാണ് മുന്നോട്ടുവച്ചത്. സെപ്തംബര്‍ പകുതി വരെ ഈ പദ്ധതി പരീക്ഷിക്കും. തെക്ക് പഗ്ലിയ മുതല്‍ വടക്ക് ടുസ്‌കാനി, വെനീറ്റോ എന്നീ പ്രദേശങ്ങള്‍ വരെയുള്ള ആറ് നൈറ്റ് ക്ലബുകള്‍ കേന്ദ്രീകരിച്ചാണ് കഴിഞ്ഞാഴ്ച മുതല്‍ ഈ സംവിധാനം നിലവിലുള്ളത്. ക്ലബുകളില്‍ നിന്ന് രാത്രി പുറത്തുകടക്കുന്നവര്‍ അമിതമായി മദ്യപിച്ചെന്ന് തോന്നിയാല്‍ അവരെ പരിശോധനയ്ക്ക് വിധേയമാക്കും.
രക്തത്തില്‍ അനുവദനീയമായതിലും കൂടുതല്‍ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ അവരെ ഒരു ടാക്‌സിയില്‍ വീട്ടിലേക്കയയ്ക്കും. ഇതിന്റെ പണം സര്‍ക്കാര്‍ നല്‍കും. ഗതാഗത മന്ത്രാലയമാണ് ഇതിനുള്ള ഫണ്ട് നല്‍കുന്നത്. അതേ സമയം, പദ്ധതിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പിഴയോ നിയമങ്ങളോ കൊണ്ടുമാത്രം മദ്യപാനം മൂലമുണ്ടാകുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കാനാകില്ലെന്നും ഇത്തരം പദ്ധതികള്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അമിത മദ്യപാനത്തെ പ്രോത്സാഹിക്കുന്നതാണ് നടപടിയെന്ന് ചിലര്‍ പറയുന്നു.