Breaking NewsBusinessIndiaLead NewsNEWSNewsthen SpecialTRENDINGWorld

മഡുറോയുടെ അറസ്റ്റില്‍ ആടിയുലയുമോ വിപണി? 2200 കോടി ഡോളറിന്റെ സ്വര്‍ണം; ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരം; സ്വര്‍ണം, വെള്ളി, എണ്ണ വിപണികളില്‍ പ്രതിഫലിക്കും; അമേരിക്കന്‍ എണ്ണക്കമ്പനികള്‍ വെനസ്വേലയില്‍ എത്തുമെന്ന് ട്രംപ്

കാരക്കാസ്: വെനസ്വേലയില്‍ യു.എസ് നടത്തിയ അധിനിവേശവും പ്രസിഡന്റ് നിക്കോളസ് മഡുറോയെ പിടികൂടിയതും സാമ്പത്തിക രംഗത്തും പ്രതിഫലിക്കും. ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമായ രാജ്യം എന്നതിനൊപ്പം സൗത്ത് അമേരിക്കയിലെ സ്വര്‍ണ ശേഖരത്തിലും മുന്നിലാണ് വെനസ്വേല.

വ്യോമാക്രമണവും പ്രസിഡന്റിനെ ബന്ദിയാക്കിയതും തിങ്കളാഴ്ച രാജ്യാന്തര വിപണിയില്‍ പ്രതിഫലിക്കും. ശനിയും ഞായറും രാജ്യാന്തര വിപണികള്‍ അവധിയിലാണ്. സ്വര്‍ണം, വെള്ളി, ക്രൂഡ് ഓയില്‍, ഓഹരി വിപണി എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ച ചലനങ്ങളുണ്ടാകും.

സ്വര്‍ണവും വെള്ളിയും

Signature-ad

സൗത്ത് അമേരിക്കയിലെ ഏറ്റവും വലിയ സ്വര്‍ണ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. 161 മെട്രിക് ടണ്‍ സ്വര്‍ണശേഖരമാണ് അവര്‍ക്കുള്ളത്. ഇന്നത്തെ വിപണി വില പ്രകാരം 2,200 കോടി ഡോളര്‍ ഏകദേശം 1.8 ലക്ഷം കോടി രൂപയാണ് ഇതിന്റെ മൂല്യം. വെള്ളിയാഴ്ച ട്രോയ് ഔണ്‍സിന് 4345.50 ഡോളറിലാണ് സ്വര്‍ണ വില വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച തുടക്കത്തില്‍ സ്വര്‍ണ വില മുന്നേറാനാണ് സാധ്യത.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അപകടസാധ്യതയുള്ള ആസ്തികളില്‍ നിന്നും നിക്ഷേപം സ്വര്‍ണം പോലുള്ള സുരക്ഷിതമായ ഇടത്തേക്ക് നീക്കാറുണ്ട്. അതേസമയം, നിലവിലെ സാഹചര്യത്തില്‍ ഡോളര്‍ നേട്ടമുണ്ടാക്കിയാല്‍ അത് സ്വര്‍ണത്തിന് തിരിച്ചടിയാകും. ഡോളര്‍ ശക്തമാകുമ്പോള്‍ വിദേശ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങുന്നത് ചെലവേറുന്നതാകും.

നിലവില്‍ 72 ഡോളറിലുള്ള വെള്ളി 75-78 ഡോളറിലേക്ക് കുതിച്ചേക്കാം. യുഎസ്-വെനസ്വേല സംഘര്‍ഷം ലോകത്തിലെ ഏറ്റവും വലിയ വെള്ളി കയറ്റുമതി രാജ്യങ്ങളായ പെറു, ഛാഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കടല്‍ പാതയില്‍ പ്രതിസന്ധിയുണ്ടാക്കും.

ക്രൂഡ് ഓയില്‍

ക്രൂഡ് ഓയില്‍ വില കഴിഞ്ഞ മാസം വരെ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്ന ബ്രെന്‍ഡ് ക്രൂഡ് വെള്ളിയാഴ്ചത്തെ ബാരലിന് 60 ഡോളറിന് മുകളിലെത്തിയിരുന്നു. തിങ്കളാഴ്ച വിപണി വീണ്ടും തുറക്കുമ്പോള്‍ ഈ ഇടിവ് അവസാനിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. എണ്ണ വില ബാരലിന് 62-65 ഡോളറിലേക്ക് എത്തിയേക്കാം.

ലോകത്തെ ഏറ്റവും വലിയ എണ്ണശേഖരം വെനിസ്വേലയുടെ പക്കലാണെന്നാണ് കണക്കുകള്‍. എണ്ണ വ്യവസായത്തില്‍ യുഎസ് കമ്പനികള്‍ ഇടപെടുമെന്ന് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ‘വെനസ്വേലയിലെ എണ്ണ വ്യവസായം പരാജയമാണ്. കാലങ്ങളായി പൂര്‍ണപരാജയമാണ്. അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതിന്റെ ഒന്നും എണ്ണ വ്യവസായത്തില്‍ ചെയ്യുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കമ്പനികളായ അമേരിക്കന്‍ എണ്ണ കമ്പനികള്‍ വെനസ്വേലയിലേക്ക് ചെല്ലാന്‍ പോകുകയാണ്. കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ച് തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും വെനസ്വേലയ്ക്ക് വേണ്ടി പണം ഉണ്ടാക്കുകയും ചെയ്യും’ എന്നാണ് ട്രംപ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: