കണക്കുകളില്‍ വിജയപ്രതീക്ഷയുമായി കോണ്‍ഗ്രസ്; കുറഞ്ഞത് 85 നിയമസഭ മണ്ഡലങ്ങളില്‍ വിജയക്കൊടി പാറിക്കാനാകുമെന്ന് വിലയിരുത്തല്‍; മൂന്നു ജില്ലകളില്‍ സമ്പൂര്‍ണ വിജയമെന്നും ക ണക്കുകൂട്ടല്‍

കല്പറ്റ: വിജയപ്രതീക്ഷ അങ്ങേയറ്റമാണ് ഇക്കുറി നിയമസഭ പോരാട്ടത്തിനിറങ്ങുമ്പോള്‍ ആത്മവിശ്വാസം അതിന്റെ പാരമ്യത്തിലാണ് നേതൃത്വത്തിന്. കണക്കുകളില്‍ വന്‍ കുതിപ്പാണ് വയനാട് നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ നേതാക്കള്‍ അവതരിപ്പിച്ചത്. കേരളത്തില്‍ കുറഞ്ഞത് 85 സീറ്റെങ്കിലും പിടിച്ചെടുക്കുമെന്ന വിലയിരുത്തലാണ് പൊതുവെയുണ്ടായത്. എല്‍ഡിഎഫിന് ഹാട്രിക് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നാണ് പൊതുവെ കണക്കുകൂട്ടലുകളില്‍ തെളിഞ്ഞത്.
വയനാട് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കുകൂട്ടിയത്.
കാസര്‍കോട് മൂന്ന് മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ നാല്, കോഴിക്കോട് എട്ട്, പാലക്കാട് അഞ്ച്, തൃശൂര്‍ ആറ്, ഇടുക്കി നാല്, ആലപ്പുഴ നാല്, കോട്ടയം അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല് എന്നിങ്ങനെയാണ് പ്രതീക്ഷ. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ മുഴുവന്‍ സീറ്റുകളും നേടുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ട്.
വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ലീഡേഴ്സ് മീറ്റില്‍ നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നുവന്നു. മുതിര്‍ന്ന നേതാക്കളാണ് അഭിപ്രായങ്ങള്‍ പറഞ്ഞത്. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത് എന്നും സമുദായ സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണമെന്നുമാണ് കെ.മുരളീധരന്‍ പറഞ്ഞത്. 2019ലെ ലോക്സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു.
ലീഡേഴ്സ് മീറ്റില്‍ കോണ്‍ഗ്രസ് അംഗവും രാഷ്ട്രീയ തന്ത്രജ്ഞനുമായ സുനില്‍ കനഗോലു പങ്കെടുക്കുന്നുണ്ട്. ജയസാധ്യത സംബന്ധിച്ച പഠനം കനഗോലുവാണ് നടത്തുന്നത്. ഈ പഠനത്തിലെ വിവരങ്ങള്‍ കനഗോലു അവതരിപ്പിച്ചേക്കും.
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷന്‍ 2026 രേഖ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അവതരിപ്പിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റുകള്‍ നേടുകയാണ് ലക്ഷ്യം. രണ്ട് ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കലാണ് ലക്ഷ്യം.






