മത്സരിച്ചത് മേയറാകാന്‍; വിസമ്മതിച്ചപ്പോള്‍ വാഗ്ദാനം നല്‍കി; വിജയിച്ചശേഷം പാര്‍ട്ടി തഴഞ്ഞു; അഭിമുഖത്തില്‍ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു വീണ്ടും ശ്രീലേഖ; തിരുവനന്തപുരം കോര്‍പറേഷനില്‍ ശീതയുദ്ധം തുടര്‍ക്കഥ

തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ വീണ്ടും രംഗത്ത്. മേയര്‍സ്ഥാനം വാഗ്ദാനംചെയ്തതു കൊണ്ടു മാത്രമാണ് മത്സരിച്ചതെന്നും ശേഷം ബിജെപി തന്നെ തഴഞ്ഞതാണെന്നും അവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൗണ്‍സിലറായി നില്‍ക്കാനല്ല, മേയര്‍ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. ആദ്യം മത്സരിക്കാന്‍ വിസമ്മതിച്ചതാണെന്നും അവര്‍ പറയുന്നു.
നേരത്തെയും മേയര്‍ പദവി ലഭിക്കാതിരുന്നതിന്റെ അതൃപ്തി ശ്രീലേഖ പരസ്യമായി പ്രകടപ്പിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ അധികാരമേല്‍ക്കല്‍ ചടങ്ങ് പൂര്‍ത്തിയാകും മുന്‍പ് ശ്രീലേഖ സ്ഥലംവിട്ടിരുന്നു. ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേല്‍ക്കുന്നതിന് ഇടയിലാണ് ശ്രീലേഖ ഇറങ്ങിപ്പോയത്.
ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് മേയര്‍ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചത്. ആര്‍ ശ്രീലേഖയെ മേയറാക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പാര്‍ടിക്കുള്ളിലെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് അവരെ ഒഴിവാക്കുകയായിരുന്നു.
ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വലിയ ഭിന്നത നിലനിന്നിരുന്നു. ആര്‍എസ്എസ് വിഭാഗത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കിയതോടെയാണ് വി വി രാജേഷിന് നറുക്കുവീണത്. ശ്രീലേഖയെ അനുനയിപ്പിക്കാന്‍ നിയമസഭാ സീറ്റുള്‍പ്പടെ വമ്പന്‍ വാഗ്ദാനങ്ങളാണ് ബിജെപി നല്‍കിയിരുന്നത്. കേന്ദ്ര തലത്തില്‍ പദവി ഉറപ്പുനല്‍കാനും നീക്കങ്ങളുണ്ടായിരുന്നു.






