വിശാഖപട്ടണം: തിരുപ്പതിയില്‍ പുലിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടു. തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ഥാടനത്തിന് എത്തിയ ആറു വയസ്സുകാരിയായ ലക്ഷിതയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അലിപിരി വോക്വേയില്‍നിന്നാണ് കുട്ടിയെ പുലി കൊണ്ടുപോയത്. ഇന്നു രാവിലെ ക്ഷേത്രത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
തിരുപ്പതി ക്ഷേത്രത്തിലെത്തിയ കുട്ടി അലപിരി വോക്വേയില്‍ മാതാപിതാക്കള്‍ക്കൊപ്പം നടക്കവേയാണ് പുലി ആക്രമിച്ചത്. ലക്ഷിതയെ മാതാപിതാക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയെ പുലി കാട്ടിലേക്ക് കടിച്ചുകൊണ്ട് പോകുകയായിരുന്നു. പോലീസ് എത്തി നടത്തിയ തിരച്ചില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. തിരിച്ചറിയാനാവാത്ത നിലയില്‍ ആയിരുന്നു കുട്ടിയുടെ മൃതദേഹാവശിഷ്ടം. കുട്ടിയുടെ തലയില്‍ നിരവധി മുറിവുകളുണ്ട്.
കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു. കുര്‍ണൂല്‍ സ്വദേശിയായ നാലുവയസ്സുകാരന്‍ കൗശിക്കിനെയാണ് അന്ന് പുലി ആക്രമിച്ചത്. രാത്രിയായിരുന്നു ഈ ആക്രമണവും. ഭക്ഷണം കഴിക്കാന്‍ വഴിയരികില്‍ നിന്ന സംഘത്തിലുണ്ടായിരുന്ന കുട്ടിയെ പുലി കടിച്ച് വലിച്ചഴച്ച് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ബന്ധുക്കളും ചേര്‍ന്ന് ടോര്‍ച്ച് അടിച്ച് ബഹളം വച്ചതോടെ പുലി ഓടിപ്പോവുകയായിരുന്നു. പരിക്കുകളോടെ കുട്ടി അന്ന് രക്ഷപ്പെട്ടിരുന്നു.