ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടല്‍ കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുണ്ടായ 183 കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണത്തിന് ദേശിയ മനുഷ്യാവകാശ കമ്മീഷന് തയ്യാറാക്കിയ മാര്‍ഗരേഖയ്ക്ക് സമാനമായ പൊതു മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടന്ന ഏറ്റുമുട്ടല്‍ കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാന അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിച്ചത്.
ഏതൊക്കെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യുന്ന സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ഗൂണ്ട നേതാവ് ആതിഖ് അഹമ്മദ് ഉള്‍പ്പടെ നിരവധി പേരാണ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലപതകങ്ങളില്‍ കൊല്ലപ്പെട്ടത്.