കോളിവുഡിൽ നിർമ്മാതാക്കൾ ഇന്ന് മിനിമം ഗ്യാരൻറി കൽപ്പിക്കുന്ന താരങ്ങളിൽ ഒരാളാണ് ധനുഷ്. ആവറേജ് അഭിപ്രായം നേടിയാൽത്തന്നെ ഇന്ന് ഒരു ധനുഷ് ചിത്രം ഭേദപ്പെട്ട സാമ്പത്തിക വിജയം നേടാറുണ്ട്. തെലുങ്കിലും തമിഴിലുമായെത്തിയ വാത്തിയാണ് (സർ) ഈ വർഷം ധനുഷിൻറേതായി പുറത്തെത്തിയ ഒരേയൊരു ചിത്രം. ഇപ്പോഴിതാ അദ്ദേഹത്തിൻറെ വരാനിരിക്കുന്ന പ്രോജക്റ്റുകളിൽ ഏറെ ശ്രദ്ധ നേടിയ ക്യാപ്റ്റൻ മില്ലറിൻറെ ഒരു പ്രധാന പബ്ലിസിറ്റി മെറ്റീരിയൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ആണ് അത്.
https://twitter.com/SathyaJyothi/status/1674742220552015872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1674742220552015872%7Ctwgr%5E4ed76fba572dc366f438c2d61444ab7e2f74e53f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSathyaJyothi%2Fstatus%2F1674742220552015872%3Fref_src%3Dtwsrc5Etfw
ഒരു യുദ്ധഭൂമിയിൽ ആയുധമേന്തി നിൽക്കുന്ന ധനുഷിൻറെ കഥാപാത്രമാണ് പോസ്റ്ററിൽ. പോരാടി വീണവരുടെ ജഡങ്ങൾ നിറഞ്ഞ ഫ്രെയ്മിൽ ക്യാപ്റ്റൻ മില്ലർ മാത്രമാണ് ജീവനോടെ നിൽക്കുന്ന ഒരേയൊരാൾ. വിദൂരതയിൽ മിലിട്ടറി വാഹനങ്ങളും കാണാം. പിരീഡ് ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ രചനയും സംവിധാനവും അരുൺ മാതേശ്വരൻ ആണ്. റോക്കി, സാനി കായിദം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ മാതേശ്വരൻ സുധ കൊങ്കര സംവിധാനം ചെയ്ത ഇരുധി സുട്രുവിൻറെ തമിഴ് സംഭാഷണ രചയിതാവുമാണ്.
അതേസമയം മദൻ കാർക്കിയാണ് ക്യാപ്റ്റൻ മില്ലറിൻറെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസിൻറെ ബാനറിൽ സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയങ്ക അരുൾ മോഹൻ ആണ് നായിക. ഛായാഗ്രഹണം സിദ്ധാർഥ നൂനി, എഡിറ്റിംഗ് നഗൂരൻ രാമചന്ദ്രൻ, സംഗീതം ജി വി പ്രകാശ് കുമാർ. ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ, ജോൺ കൊക്കെൻ, എഡ്വാർഡ് സോണൻബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷൻ, നാസർ, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.