ദില്ലി: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിൻറെ പിടിച്ചെടുത്ത ഭൂമിയിൽ ഫ്ലാറ്റ് സമുച്ചയം നിർമിച്ച് പാവപ്പെട്ടവർക്ക് കൈമാറി യുപി സർക്കാർ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് 76 ഫ്ലാറ്റുകളുടെ താക്കോൽ കൈമാറിയത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നിർമ്മിച്ച ഫ്ലാറ്റുകൾ നറുക്കെടുപ്പിലൂടെയാണ് ഉപഭോക്താക്കളെ കണ്ടെത്തി കൈമാറിയത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി കേശവ് മൗര്യയും ഫ്ലാറ്റുകൾ പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 41 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഓരോ ഫ്‌ളാറ്റിലും രണ്ട് മുറികളും അടുക്കളയും ടോയ്‌ലറ്റും അടങ്ങിയ സൗകര്യമുണ്ട്. 6,000-ത്തിലധികം ആളുകളാണ് ഫ്ലാറ്റുകൾക്കായി പ്രയാഗ്‌രാജ് വികസന അതോറിറ്റിയിൽ അപേക്ഷിച്ചത്. ഇവരിൽനിന്ന് മുൻഗണനാ പ്രകാരം 1,590 പേരെ കണ്ടെത്തുകയും അതിൽനിന്ന് നറുക്കെടുക്കുകയുമായിരുന്നു.
പാവപ്പെട്ടവരിൽ നിന്ന് ഗുണ്ടാതലവന്മാർ തട്ടിയെടുത്ത ഭൂമിയിൽ വീടു പണിത് പാവപ്പെട്ടവർക്ക് നൽകുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2017-ന് മുമ്പ് മാഫിക്ക് ആരിൽനിന്നും ഭൂമി തട്ടിയെടുക്കാൻ കഴിയുമായിരുന്നുവെന്നും ഇപ്പോൾ ഞങ്ങൾ പാവപ്പെട്ടവർക്ക് വീടുകൾ പണിയുന്നത് അതേ ഭൂമിയിലാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മാഫിയകളിൽ നിന്ന് ഭൂമി പിടിച്ചെടുത്തത് വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറോളം ക്രിമിനൽ കേസുകളിലെ പ്രതിയും മുൻ എംപിയുമായിരുന്ന ആതിഖിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും പ്രയാഗ്‌രാജിൽ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമപ്രവർത്തകരുടെ വേഷത്തിലെത്തിയ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് പൊലീസിന്റെ കൺമുന്നിലായിരുന്നു കൊലപാതകം. തട്ടിക്കൊണ്ടുപോകൽ കേസിൽ ആതിഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.