BusinessTRENDING

രണ്ട് വർഷത്തേക്ക് 7.5 ശതമാനം പലിശ ല​ഭിക്കുന്ന മഹിളാ സമ്മാൻ സേവിംഗ് സ്കീമിൽ നിക്ഷേപിക്കാം, ബാങ്കുകൾ മുഖേനയും

പൗരൻമാരുടെ സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ നിക്ഷേപത്തിലേക്ക് പ്രേരിപ്പിക്കുന്നതിനുമായി സർക്കാർ നിരവധി സമ്പാദ്യ പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. സർക്കാർ പിന്തുണയുള്ളതിനാൽ നിക്ഷേപിക്കുന്ന പണം പൂർണമായും സുരക്ഷിതമായിരിക്കും . കൂടാതെ മികച്ച പലിശ നിരക്കും ലഭിക്കുന്ന പദ്ധതികളായതിനാൽ നിക്ഷേപകർക്ക് ആശങ്കയില്ലാതെ നിക്ഷേപിക്കാം.രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സർക്കാർ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്.

ബാങ്കുകൾ മുഖേനയും പദ്ധതിയിൽ അംഗമാകാം

പോസ്റ്റ് ഓഫീസ് വഴി അവതരിപ്പിച്ച മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതി ഇനി മുതൽ ബാങ്ക് വഴിയും ലഭ്യമാകും .പദ്ധതി എല്ലാവരിലേക്കും എത്തിക്കുന്നതിനായി, മറ്റ് ലഘു സമ്പാദ്യ പദ്ധതി പോലെ മഹിളാ സമ്മാന് സേവിംഗ്സ് സ്കീം അക്കൗണ്ടുകൾ ആരംഭിക്കാൻ ബാങ്കുകൾക്കും അനുവാദം നൽകുന്ന വിജ്ഞാപനവുമിറക്കി.  ജൂൺ 27-ലെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനപ്രകാരം എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ സ്വകാര്യ ബാങ്കുകൾ വഴിയും മഹിളാ സമ്മാനൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ അക്കൗണ്ട്, തുറക്കാം.

മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം പലിശ നിരക്ക്

2 വർഷത്തേക്ക് 7.5 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഈ പദ്ധതിയിൽ നിന്നുമുള്ള റിട്ടേൺ ബാങ്ക് എഫ്ഡികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതലാണ്. പലിശ ത്രൈമാസികമായി കൂട്ടിച്ചേർക്കുകയും അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുകയും അക്കൗണ്ട് ക്ലോസ് ചെയ്യുന്ന സമയത്ത് നൽകുകയും ചെയ്യും.

പദ്ധതി കാലാവധി

മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ് .എന്നാൽ നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 2 ലക്ഷം രൂപ മാത്രമായിരിക്കും. ഈ സ്‌കീമിന് കീഴിൽ ഒരു വ്യക്തിക്ക് ഒന്നിലധികം അക്കൗണ്ട് എടുക്കാവുന്നതാണ് .എന്നാൽ മൊത്തം നിക്ഷേപത്തിന്റെ തുക 2 ലക്ഷം രൂപയിൽ കൂടരുത്.2025 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. അതായത് 2025 മാർച്ച് 31 വരെ മാത്രമേ പദ്ധതിയിൽ അംഗമാകാൻ കഴിയുകയുള്ളു.

ആർക്കൊക്കെ അംഗമാകാം

സ്ത്രീകൾക്ക് മാത്രമായുളള നിക്ഷേപപദ്ധതിയാണിത്. 10 വയസ്സ് മുതൽ  പദ്ധതിയിൽ അംഗമാകാം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് വേണ്ടി  രക്ഷിതാക്കൾക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാം.നിക്ഷേപം തുടങ്ങി ഒരു വർഷത്തിനുശേഷം ആവശ്യമെങ്കിൽ തുകയുടെ 40 ശതമാനം പിൻവലിക്കുകയും ചെയ്യാം.

Back to top button
error: