നിപ മരത്തിന്റെ ഇലയും പൂവും ചർമ- മാറിട കാൻസറുകൾക്ക് ഉത്തമം: വായിലെ പുണ്ണ്, തലവേദന, പല്ലുവേദന എന്നീ രോഗങ്ങൾക്കും ഔഷധം
ഡോ. വേണു തോന്നയ്ക്കൽ
ഇന്ത്യൻ കടലോരങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു കണ്ടൽ ചെടിയാണ് നിപമരം ( Nipa Palm tree).
ഇന്ത്യയിൽ മാത്രമല്ല ചൈന, ഓസ്ട്രേലിയ, ഫിലിപ്പൈൻസ് ദ്വീപുകൾ, ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ, സുമാത്ര എന്നിവിടങ്ങളിലും ഇവ കടലോരങ്ങളിൽ വളരുന്നു.
അഴിമുഖത്താണ് നിപ ഇടതൂർന്നു വളരുന്നത്. കടലോരങ്ങളിൽ മാത്രമല്ല കായലോരങ്ങളിലും നിപയെ കാണാം. ഇവ വളരെയേറെ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു കണ്ടൽ മരമാണ്.
മറ്റു ചെടികളിൽ നിന്നും വ്യത്യസ്തമായി ഇവയുടെ കാണ്ഡം മണ്ണിനടിയിലാണ് വളരുന്നത്. ഇല, പൂവ്, കായ്, മുതലായ സസ്യഭാഗങ്ങൾ മണ്ണിനു മുകളിൽ കാണുന്നു..
ഇവയുടെ ഇലയ്ക്ക് ഏതാണ്ട് 30 അടി നീളം വരും. ഇത്രയേറെ വലിപ്പമുള്ള ഇല വേറെ നിങ്ങൾക്കറിയുമോ? ഈ ഇല വീട് മേയാനും അടുപ്പിൽ തീ കത്തിക്കാനും മറ്റും ഉപയോഗിക്കുന്നു. തൊപ്പി, പായ, തുടങ്ങി അനേകം കൗതുകവസ്തുക്കൾ ഇതുപയോഗിച്ചുണ്ടാക്കുന്നു.
ഇതിന്റെ പഴത്തിന് ഏതാണ്ട് 25 സെൻറീമീറ്റർ വലിപ്പം വരും. അത് വിളഞ്ഞ് പഴുത്ത് ഉണങ്ങുന്നതോടെ വെള്ളത്തിൽ വീഴുന്നു. നമുക്കിതിനെ നിപ തേങ്ങ എന്ന് വിളിക്കാം. ഇതിനുള്ളിൽ നിറയെ വിത്തുകളാണ്. ഇത് വെള്ളത്തിലൂടെ ഒഴുകി എവിടെയെങ്കിലും അടിഞ്ഞ് വളരുന്നു.
തേങ്ങയുടെ രുചിയുള്ള ഈ പഴം കുരങ്ങന്മാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. നമ്മുടെ നാട്ടിൽ പനംകരിക്ക് വെട്ടി കുടിക്കാറുണ്ടല്ലോ. അപ്രകാരം ഈ പഴം പൊട്ടിച്ച് അതിനുള്ളിൽ നിന്നും കാമ്പടുത്ത് ഐസുമായി ചേർത്ത് തണുപ്പിച്ച് ഭക്ഷിക്കാം. തായ്‌ലൻഡ്, മലേഷ്യ, എന്നിവിടങ്ങളിൽ ഇത്തരം ഡ്രിങ്കുകൾ ലഭ്യമാണ്. അവിടെയെത്തുന്ന വിദേശികൾക്ക് ഈ പാനീയം രുചികരവും കൗതുകവും ആണ്.
ഇത് ഏറെ പോഷക സമൃദ്ധമാണ്. ജീവകം ബി കോംപ്ലക്സ്, ജീവകം സി, എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസ്യം, കാൽസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ഖനിജങ്ങളും ആൻറി ഓക്സിഡന്റുകളും വേണ്ടത്രയുണ്ട്.
പ്രമേഹ രോഗികൾക്ക് ഇത് ധൈര്യപൂർവ്വം കഴിക്കാം. നാട്ടുവൈദ്യത്തിന്റെ ഭാഗമായി ഇതിന്റെ ഇല, പൂവ്, എന്നിവ ചർമം, മാറിടം തുടങ്ങി വിവിധതരം കാൻസറുകൾക്കും വായിലെ പുണ്ണ്, തലവേദന, പല്ലുവേദന, തുടങ്ങിയ രോഗങ്ങൾക്കും ഔഷധമാണ്.
നമ്മുടെ നാട്ടിൽ തെങ്ങിൽ നിന്നും കള്ള് ഉണ്ടാക്കുന്നതു പോലെ ഫിലിപ്പൈൻസ് ദ്വീപ്, മലേഷ്യ എന്നിവിടങ്ങളിൽ ഈ പഴത്തിൽ നിന്നും ഒരു തരം കള്ള് ചെത്തിയെടുക്കുന്നു. അതാണ് തൂബ (tuba).
ഈ പാനീയം പുളിപ്പിച്ച് അതിൽ നിന്നും മദ്യവും വിനാഗിരിയും ഉല്പാദിപ്പിക്കുന്നു.
നിപ ഫ്രൂട്ടിക്കൻസ് (Nypa fruticas) എന്നാണ് ഇതിൻറെ ശാസ്ത്രനാമം. ഏറക്കേസി (arecaceae) യാണ് കുടുംബം. നമ്മുടെ കമുക് ഈ കുടുംബത്തിൽ ഉൾപ്പെടുന്നു.