Food

നാവിന് രുചി നൽകുന്നതെല്ലാം നല്ല ഭക്ഷണമല്ല, വെച്ചുവിളമ്പുമ്പോഴും  കഴിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

  നാവിന് രുചി നൽകുന്നതെല്ലാം നല്ല ഭക്ഷണമാകണം എന്നില്ല. വയറിനും കൊള്ളുന്നതാകണം ഭക്ഷണം. ഇന്ന് സമൂഹത്തിൽ കൂടിവരുന്ന ജീവിതശൈലീ രോ​ഗങ്ങളുടെ കാര്യത്തിൽ ഭക്ഷണശീലത്തിന്റെ സ്വാധീനം വളരെ വലുതാണ്. ഭക്ഷണം തന്നെയാണ് ഔഷധമെന്നതും പഥ്യം നോക്കുന്നവന് ഔഷധം വേണ്ട എന്ന പഴമൊഴിയും ഇവിടെ ഒപ്പം ചേർത്തു വായിക്കാം.

  ഭക്ഷണത്തിന്റെ മേൻമ, ഭക്ഷ്യസാധനങ്ങൾ തിരഞ്ഞെടുക്കുന്നത് മുതൽ തുടങ്ങുന്നു. കഴിക്കുന്ന ആളുടെ ശാരീരികാവസ്ഥ, പ്രായം, കാലാവസ്ഥ എന്നിവ അടിസ്ഥാനപ്പെടുത്തി ഭക്ഷണം ക്രമപ്പെടുത്തണമെന്നാണ് എല്ലാ വൈദ്യശാസ്ത്രശാഖകളും ഒരുപോലെ നിർദേശിക്കുന്നത്.

Signature-ad

  പാചകപാത്രങ്ങൾ വൃത്തിയാക്കൽ, ഉപയോ​ഗിക്കുന്ന വെള്ളം, ചേർക്കുന്ന മസാലകൾ, വേവ് തുടങ്ങി മുന്നോട്ടുള്ള എല്ലാ പാചക രീതികളിലും ശ്രദ്ധ പുലർത്തണം. ഇതിൽ ഒന്നിൽ സംഭവിക്കുന്ന പിഴവ് ഭക്ഷണത്തിന്റെ ​ഗുണനിലവാരം അപകടത്തിലാക്കും  എന്ന കാര്യത്തിൽ സംശയം വേണ്ട.

അമിതചൂടിൽ പാചകം ചെയ്യുക, വിരുദ്ധവസ്തുക്കൾ ഉപയോ​ഗിച്ചുള്ള ഭക്ഷണരീതി എന്നിവ ഒഴിവാക്കണം. പഴകിയതും സ്വാദും മണവും മാറിത്തുടങ്ങിയതുമായ ഭക്ഷണം ആരോഗ്യത്തിന് ഹാനികരമാണ്.

   പാചകത്തിനുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ജാ​ഗ്രത പാലിക്കണം. സ്ഥാപനത്തിന്റെ വിവരങ്ങളും നിർമാണ തീയതിയും രേഖപ്പെടുത്തിയ പൊതിഞ്ഞുവിൽക്കുന്ന സാധനങ്ങൾ വാങ്ങണം. സദ്യകൾക്കും മറ്റും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നിർബന്ധമാണ്.

   പാചകം ചെയ്യുന്നവരുടെ മെഡ‍ിക്കൽ ഫിറ്റ്നെസ്, ഉപയോ​ഗിക്കുന്ന കുടിവെള്ളത്തിന്റെ ആറുമാസത്തിൽ‌ കവിയാത്ത പരിശോധനാഫലം, അടച്ചുറപ്പുള്ള സ്റ്റോർമുറി സംവിധാനം എന്നിവ ഉറപ്പുവരുത്തണം. പാചകം ചെയ്ത ഭക്ഷ്യവസ്തുക്കൾ രണ്ടുമണിക്കൂറിനുള്ളിൽ ഉപയോ​ഗിക്കേണ്ടതാണ്.

കല്യാണങ്ങൾക്കും മറ്റു ചടങ്ങുകൾക്കും   ഭക്ഷണം വിതരണം ചെയ്യാൻ  കാറ്ററിംഗ് പാർട്ടികളെ ഏൽപ്പിക്കുമ്പോൾ വലിയ ശ്രദ്ധ പുലർത്തണം. വൻതോതിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പല അപകടങ്ങൾക്കും കാരണമാകും. ഭക്ഷ്യ വിഷബാധയുടെ വാർത്തകൾ നാം സ്ഥിരം കേൾക്കാറുള്ളതാണല്ലോ…? ഗുണനിലവാരം കുറഞ്ഞതും പഴകിയതുമായ മസാലക്കൂട്ടുകളോ മത്സ്യ-മാംസാദികളോ ഒരു കാരണവശാലും വാങ്ങരുത്.
പാത്രങ്ങളുടെയും പാചകപ്പുരയുടെയും വൃത്തി ഉറപ്പുവരുത്തിയാണ് പാചകം തുടങ്ങേണ്ടത്. വലിയ തോപ്പുമുതൽ ചെറിയ സ്പൂണും മുറിക്കുന്ന കത്തികളും ഇതിൽ ഉൾപ്പെടും.

പച്ചക്കറികൾ മുറിക്കും മുമ്പ് പലതവണ ശുദ്ധജലത്തിൽ കഴുകണം. ഇറച്ചിയുടെ കാര്യത്തിലും വലിയ ശ്ര​ദ്ധ ആവശ്യമാണ്. ഇറച്ചി ഒന്നായി കഴുകാറില്ല. പകരം രണ്ടോ മൂന്നോ ഭാഗങ്ങളായി വെവ്വേ എടുത്താണ് വൃത്തിയാക്കേണ്ടത്. ഇറച്ചി പാചകം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ പുലർത്തണം. ഉപയോ​ഗിക്കുന്ന എണ്ണകളും മികച്ചതായിരിക്കണം. ലാഭംനോക്കി ​ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോ​ഗിക്കുന്നത് അപകടമാണ്. ഇക്കാര്യം പാചകമേറ്റെടുക്കുമ്പോൾ ആളുകളെ ഓർമപ്പെടുത്തുക.

പാചകത്തിനായി ഉപയോ​ഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലർത്തണം.

വൃത്തി തന്നെ പ്രധാനം

പാചകപ്പുര മുതൽ വിളമ്പുന്ന മേശ വരെ നീളുന്ന വൃത്തിയും വെടിപ്പും ഭക്ഷണമൊരുക്കുന്നതിലും വിതരണത്തിലും പാലിക്കണം. ​ഗുണനിലവാരമുള്ളതും പുത്തൻസാധനങ്ങളും ഉപയോ​ഗിച്ചാൽ ഒരുപരിധിവരെ ഭക്ഷണത്തിന്റെ ​ഗുണം ഉറപ്പുവരുത്താനാകും.

Back to top button
error: