KeralaNEWS

കൊച്ചിയില്‍ ബസ് ജീവനക്കാരന് മര്‍ദനം; 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളജിനു മുന്നില്‍ സ്വകാര്യ ബസ് തടഞ്ഞിട്ടു ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ 5 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എ.ആര്‍.അനന്ദു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണു അറസ്റ്റിലായത്. വിദ്യാര്‍ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ഞായറാഴ്ച നടന്ന ആക്രമണം.

മര്‍ദനമേറ്റ കണ്ടക്ടര്‍ കണ്‍സഷന്‍ നല്‍കാതെ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നത് പതിവായിരുന്നെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു. ചോറ്റാനിക്കര -ആലുവ റൂട്ടിലെ ‘സാരഥി’ ബസ് കണ്ടക്ടര്‍ ജെഫിന് നേരെയായിരുന്നു ആക്രമണം. ഉച്ചയ്ക്ക് കോളജിനു മുന്നില്‍ ബസ് എസ്എഫ്‌ഐക്കാര്‍ തടഞ്ഞിടുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടറെ ബസില്‍നിന്നു വലിച്ച് റോഡിലിട്ട് മുഖത്തടിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. രണ്ടാഴ്ച മുന്‍പാണു പ്രശ്‌നങ്ങളുടെ തുടക്കം.

Signature-ad

നാല് വിദ്യാര്‍ഥികള്‍ രാവിലെ ആറുമണിക്ക് ബസ് കണ്‍സഷന്‍ ആവശ്യപ്പെട്ടു. ഏഴുമണി മുതലാണ് കണ്‍സഷന്‍ സമയമെന്നും ടിക്കറ്റിന്റെ മുഴുവന്‍ പണവും വേണമെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ബസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണു ബസ് ജീവനക്കാര്‍ പറയുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്ന് ഒന്നരയാഴ്ചയായി ജോലി ചെയ്തിരുന്നില്ലെന്ന് ജെഫിന്‍ പറഞ്ഞു.

Back to top button
error: