KeralaNEWS

ഈദുല്‍ അസ്ഹയ്ക്ക് ഒരു ദിവസം കൂടി അവധി അനുവദിക്കണം; മുഖ്യമന്ത്രിക്ക് കാന്തപുരത്തിന്റെ കത്ത്

കോഴിക്കോട്: ഈദുല്‍ അസ്ഹയ്ക്ക് ഒരു ദിവസം കൂടി അവധി അനുവദിക്കണമെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. നിലവില്‍ ഈ മാസം 28 നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഈദുല്‍ അസ്ഹ 29നാണ്. ഈ ദിവസവും അവധിയായി പ്രഖ്യാപിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചെന്നും കാന്തപുരം പറഞ്ഞു.

മലബാറിലെ ഹയര്‍ സെക്കന്‍ഡറി സീറ്റ് ക്ഷാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. ഏക സിവില്‍ കോഡ് ഭരണഘടനാ വിരുദ്ധമാണ്. അത് സാംസ്‌കാരിക വൈവിധ്യങ്ങളെ തകര്‍ക്കുന്നതാണ്. മുസ്ലിം സമുദായത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല ഏക സിവില്‍ കോഡെന്നും കാന്തപുരം പറഞ്ഞു.

Signature-ad

കേരളം നമ്മുടെ രാജ്യത്തിനും ലോകത്തിനും മാതൃകയായതില്‍ സമസ്തയുടെ പങ്ക് വളരെ വലുതാണെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു. സമസ്ത 98 ാം സ്ഥാപകദിനത്തോടനുബന്ധിച്ച് കോഴിക്കോട് സമസ്ത സെനറ്റിലെ ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രതയുടെയും വിദ്വേഷത്തിന്റെയും അവിവേകത്തിന്റെയും നിലപാട് വിശ്വാസിക്ക് ചേര്‍ന്നതല്ലെന്നും സഹജീവികളോട് സഹിഷ്ണുതയോടെ മാത്രമേ പെരുമാറാവൂ എന്നും സമസ്ത പുതുതലമുറയെ പഠിപ്പിച്ചു. ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിലും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും വര്‍ഗീയ-വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലും സമസ്ത ജാഗ്രത പുലര്‍ത്തി. ഈ വസ്തുത പൊതുസമൂഹവും കൃത്യമായി മനസ്സിലാക്കിയതാണെന്നും കാന്തപുരം പറഞ്ഞു.

ഇപ്പോള്‍ 10,435 മദ്രസകള്‍ സമസ്തയ്ക്കു കീഴില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും ഏറെ ആകര്‍ഷിക്കപ്പെട്ട മര്‍കസ് അടക്കമുള്ള സ്ഥാപനങ്ങള്‍ ഈ പണ്ഡിത സംഘടനയുടെ സംഭാവനയാണ്. പല കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകളും മദ്രസകളും സ്ഥാപിച്ച് അവരെ കൈപിടിച്ചുയര്‍ത്താന്‍ വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Back to top button
error: