കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ വീട്ടിൽ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഭർത്താവ് ഷിനോയെന്ന് യുവതിയുടെ പിതാവ്. യുവതിയുടെ ഭർത്താവിൽനിന്ന് ഭീഷണി ഉണ്ടായിരുന്നതായി പിതാവ് പറഞ്ഞു. ഇന്ന് രാവിലെ ഷിനോ യുവതിയുടെ പിതാവിനെ വിളിച്ച് യുവതിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പിതാവ് ഇത് വിസമതിച്ചതോടെ ഫോൺ കട് ചെയ്തു. യുവതി വീട്ടിൽ ഒറ്റയ്ക്കാണെന്ന് ഷിനോ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും രാത്രി സമയങ്ങളിലെത്തി ഭീഷണിപെടുത്താറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെ അച്ഛനും സഹോദരനും ജോലിക്കു പോയ സമയത്തായിരുന്നു യുവതിക്കുനേരേ ആക്രമണം നടന്നത്. മക്കൾ കളിക്കാനായി വീടിനു പുറത്തുപോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ വീടിനു പുറത്ത് കണ്ടെത്തിയത്. മക്കള്‍ അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ചു. ഉടൻ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടയിൽ പ്രതി രക്ഷപ്പെട്ടിരുന്നു. ഭർത്താവുമായി അകന്നുകഴിയുന്ന യുവതി സ്വന്തം വീട്ടിലാണ് കഴിയുന്നത്.
2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.