CrimeNEWS

പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി കൊലപ്പെട്ട സംഭവത്തിന് പിന്നാലെ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയുടെ കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് ഷിനോ മാത്യുവിനെയാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇയാളുടെ നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അന്വേഷണസംഘം വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിട്ടുണ്ട്.

കോട്ടയം മണർകാട് പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഇന്ന് രാവിലെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയത് ഭർത്താവ് ഷിനോ മാത്യുവാണെന്നാണ് വിവരം. യുവതിയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നാല് സ്ക്വാഡുകളായി ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഇയാളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്ക് ഭർത്താവിൽ നിന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്ന് ബന്ധുക്കളും പോലീസിനെ അറിയിച്ചിരുന്നു.

രാവിലെ 9 മണിക്കും പത്തരയ്ക്കുമിടയിൽ കൊലപാതകം നടന്നിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. കളിക്കാൻ അയൽ വീട്ടിൽ പോയ കുട്ടികൾ പത്തരയ്ക്ക് വീട്ടിലെത്തുമ്പോഴാണ് അമ്മയെ വരാന്തയിൽ രക്തത്തിൽ കുളിച്ച് കിടന്ന നിലയിൽ കാണുന്നത്. ഉടൻതന്നെ അയൽവാസിയെ അറിയിച്ചു. ബഹളം കേട്ട് പരിസരത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും സ്ഥലത്തെത്തി.

ആക്രമിച്ചത് ഭർത്താവാണെന്ന് യുവതി സംഭവം സ്ഥലത്തെത്തിയ ബന്ധുക്കളെ അറിയിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. യുവതിക്ക് ഭർത്താവിൽ നിന്നും നിരന്തര ഭീഷണി ഉണ്ടായിരുന്നു എന്ന് സഹോദരങ്ങളും പോലീസിനെ അറിയിച്ചിട്ടുണ്ട്. കോട്ടയം എസ് പി കെ കാർത്തിക്കിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടക്കുന്നത്. 2022 ജനുവരിയിലാണ് യുവതി ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകുന്നത്. ആ കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: