കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ വീട്ടിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാഞ്ഞിരപ്പിള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. അതേസമയം യുവതിയുടെ മരണത്തിന് പിന്നിൽ ഭർത്താവ് ഷിനോയെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. യുവതിയുടെ ഭർത്താവിൽനിന്ന് ഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഷിനോ യുവതിയുടെ പിതാവിനെ വിളിച്ച് യുവതിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പിതാവ് ഇത് വിസമതിച്ചതോടെ ഫോൺ കട് ചെയ്തു. യുവതി വീട്ടിൽ ഒറ്റയ്ക്കാണെന്ന് ഷിനോ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും രാത്രി സമയങ്ങളിലെത്തി ഭീഷണിപെടുത്താറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെ അച്ഛനും സഹോദരനും ജോലിക്കു പോയ സമയത്തായിരുന്നു യുവതിക്കുനേരേ ആക്രമണം നടന്നത്. മക്കൾ കളിക്കാനായി വീടിനു പുറത്തുപോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ വീടിനു പുറത്ത് കണ്ടെത്തിയത്. മക്കൾ അയൽപക്കത്തെ വീട്ടിൽ വിവരമറിയിച്ചു. ഉടൻ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടയിൽ പ്രതി രക്ഷപ്പെട്ടിരുന്നു. മണർകാട് പോലീസ് മേൽനടപടി സ്വീകരിച്ചു. ഫോറൻസിക് – വിരൽ അടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.
വീടിന്റെ പിൻവാതിൽ ചവിട്ടിപൊളിച്ച് ഉള്ളിൽകിടന്ന ശേഷമാണ് യുവതിയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയുടേതെന്ന് സംശയിക്കുന്ന തൂവാല സംഭവ സ്ഥലത്തുനിന്ന് ലഭിച്ചു. പോലീസ് നായ് മണം പിടിച്ച് വീടിന്റെ പിന്നിലുള്ള പാഠശേഖരത്തിലൂടെ പോയി തോട് കിടിന്ന് മറ്റൊരു വഴിയിൽ വന്ന് നിന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, യുവതിയുടെ കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇയാളുടെ നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അന്വേഷണസംഘം വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിട്ടുണ്ട്.
ഭർത്താവുമായി അകന്നുകഴിയുന്ന യുവതി സ്വന്തം വീട്ടിലാണ് കഴിയുന്നത്. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലിൽ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാൾക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. നിരവധി പേർ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.