Movie

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്‌ത ജയന്റെ അവസാന കാലചിത്രം ‘ഇടിമുഴക്കം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 43 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

   ജന്മിത്തത്തിന്റെ അസ്തമയ കാലത്ത് ജനാധിപത്യത്തിന്റെ ഉദയവുമായി ‘ഇടിമുഴക്കം’ എത്തിയിട്ട് 43 വർഷം. ശ്രീകുമാരൻ തമ്പി നിർമ്മിച്ച് സംവിധാനം ചെയ്‌ത ഈ ജയൻ ചിത്രം 1980 മെയ് 16 ന് റിലീസ് ചെയ്‌തു. ജയൻ അന്തരിച്ച 1980 ൽ ജയന്റെ ഏതാണ്ട് 20 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. കന്നഡ ചലച്ചിത്രകാരൻ എസ് ആർ പുട്ടണ്ണയുടെ കഥയാണ് ‘ഇടിമുഴക്ക’ത്തിന് പ്രചോദനം.

ജന്മിയായ വല്യമ്പ്രാൻറെ (ബാലൻ കെ നായർ) പണിക്കാരനാണ് ഭീമൻ (ജയൻ). പണിക്കാരന് പ്രണയം നിഷേധിച്ചപ്പോൾ ഏമാനെ വിട്ട് അയാൾ പോയി. ചവിട്ടുന്ന കാലിനെ പൂജിക്കുന്ന ഏർപ്പാടിനെ എതിർക്കാൻ ഭീമനൊപ്പം നാട്ടിൽ ബിഎ പാസ്സായ ജോസും (രതീഷ്) ഏമാന്റെ സഹോദരിയുടെ മകനും (ജനാർദ്ദനൻ) മറ്റ് രണ്ട് പേരും ചേരുന്നു. തിന്മയെ തച്ചുടയ്ക്കാൻ ഈ അഞ്ച് പേരും ഒരുമിക്കുന്നതോടെ പുതിയൊരു ധർമ്മയുദ്ധത്തിന് കളമൊരുങ്ങി. ജന്മിമാരുടെ അടുത്ത തലമുറ കൂടുതൽ തട്ടിപ്പുകളേ നടത്തൂ എന്ന കഥാഗതിയിൽ അന്തിമവിജയം നന്മയ്ക്കാണ്.

ശ്രീകുമാരൻ തമ്പി- ശ്യാം ഗാനങ്ങളിൽ ‘കാലം തെളിഞ്ഞു പാടം കനിഞ്ഞു’ ഹൃദ്യമാണ്. ‘മറഞ്ഞു ദൈവമാ വാനിൽ’ എന്നൊരു തത്വചിന്താ ശോകഗാനവും മെച്ചം. മറ്റ് രണ്ട് ഗാനങ്ങൾ കൂടിയുണ്ടായിരുന്നു.

ജന്മിയുടെ ദാസനായ ഭാഗത്ത് മീശയില്ലാതെയും ജന്മിയെ എതിർത്ത് തുടങ്ങുമ്പോൾ മീശയോടെയുമാണ് ജയന്റെ ഭീമനെ കാണുക. ‘നാടിന്റെ ആത്മാവ്’ എന്നൊരു ഭാഗത്ത് സുകുമാരൻ വേഷമിട്ടു. ചെമ്പരത്തി ശോഭനയും ശുഭയും ആയിരുന്നു മുഖ്യ വനിതാ താരങ്ങൾ.

‘സ്‌കൂൾ മാസ്റ്റർ” ഉൾപ്പെടെ ഒരുപിടി മലയാള ചിത്രങ്ങളുടെ സംവിധായകനാണ് എസ്.ആർ പുട്ടണ്ണ. അദ്ദേഹത്തിന്റെ ഒരു കന്നഡ ചിത്രം കേരള പശ്ചാത്തലത്തിൽ മാറ്റിയതാണ് ‘ഇടിമുഴക്കം’.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: