കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുമാണ് എലത്തൂര്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്. പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്കല്ലെന്നും ഇയാളെ കേരളത്തില്‍ എത്തിച്ചതാണെന്നുമാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനാണ് പദ്ധതിയിട്ടതെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഷാരൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും ഇതിന് വലിയ സഹായം ലഭിച്ചെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഷാരൂഖ് സെയ്ഫിക്ക് ആശയപരമായ പ്രചോദനങ്ങള്‍ നല്‍കിയതിന് പിന്നിലും വന്‍സംഘമുണ്ട്. ഇത്തരത്തില്‍ പ്രചോദനം നല്‍കിയാണ് ഇയാളെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചത്. കൃത്യത്തിനായി കേരളം തെരഞ്ഞെടുത്തതിന് പിന്നിലും വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയെന്നാണ് വിവരം.
ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനായിരുന്നു പദ്ധതി. മൂന്നുകുപ്പി പെട്രോള്‍ ഉള്‍പ്പെടെ എല്ലാജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. എന്നാല്‍, ആസൂത്രണംചെയ്തത് പോലെ കൃത്യം നടപ്പാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. പരിശീലനക്കുറവാണ് പദ്ധതി പാളിപ്പോകാന്‍ കാരണമായത്.
ആക്രമണത്തിന് ശേഷം ഷാരൂഖ് രക്ഷപ്പെട്ടതിന് പിന്നിലും കൃത്യമായ ആസൂത്രണം നടന്നാതായാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതിന് സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
അതേസമയം, കേസില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. കേസ് എന്‍.ഐ.എയ്ക്ക് വിടാന്‍ ഇതുവരെ പോലീസോ സംസ്ഥാന സര്‍ക്കാരോ തീരുമാനമെടുത്തിട്ടില്ല. പ്രതിയെ കൂടുതല്‍ചോദ്യംചെയ്ത ശേഷം തീവ്രവാദബന്ധം സ്ഥിരീകരിച്ചാല്‍ കേസ് വിടാമെന്നാണ് പോലീസിന്റെ തീരുമാനമെന്നാണ് സൂചന. എന്നാല്‍, കേസ് വിടാന്‍ വൈകുകയാണെങ്കില്‍ തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. ഇതുവഴി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ അന്വേഷണം എന്‍.ഐ.എയെ ഏല്‍പ്പിച്ചുള്ള ഉത്തരവിറക്കാനും സാധ്യതയുണ്ട്.