കോഴിക്കോട് : പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. താമരശേരി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി എന്ന വ്യവസായിയെയും ഭാര്യയെയുമാണ് വീട്ടിന് മുന്നില്‍ നിന്ന് പിടിച്ചുകൊണ്ടുപോയത്. തുടര്‍ന്ന് ഭാര്യയെ വഴിയിലുപേക്ഷിച്ചു. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് താമരശ്ശേരി പോലീസില്‍ നേരത്തേ ഷാഫി പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി സ്വദേശിയായ സാലി എന്നയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. തട്ടിക്കൊണ്ടുപോകാന്‍ സംഭവത്തിന് ഇയാളമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. നേരത്തെ ഭീഷണിപ്പെടുത്തിയ കേസിലെ ആളുകളെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഭാര്യ സെനിയയെ വഴിയില്‍ വെച്ച് ഇറക്കിവിട്ടു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഷാഫിയുടെയും സെനിയയുടെയും വീട്ടിലെത്തിയാണ് അക്രമി സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. അക്രമികള്‍ മുഖം മറച്ചിരുന്നുവെന്നാണ് സെനിയ നല്‍കിയിരിക്കുന്ന മൊഴി. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നാണ് വിവരം. കാറിലെത്തിയ നാലംഗ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്.