CrimeNEWS

സുരേഷ് റെയ്‌നയുടെ അമ്മാവനെയടക്കം കൊലപ്പെടുത്തിയ കൊടുംക്രിമിനല്‍; ഏറ്റുമുട്ടലില്‍ വധിച്ച് യുപി പോലീസ്

ലഖ്‌നൗ: അന്തസംസ്ഥാന കവര്‍ച്ചാസംഘാംഗമായ കൊടുംക്രിമിനലിനെ ഉത്തര്‍പ്രദേശ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലടക്കം പ്രതിയായ റാഷിദാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി മുസാഫര്‍നഗറിലെ ഷാഹ്പുര്‍ ഗ്രാമത്തിലാണ് സംഭവം.

തലയ്ക്ക് 50,000 രൂപ വിലയിട്ടിരുന്ന കുപ്രസിദ്ധ ക്രിമിനലായ റാഷിദും കൂട്ടാളിയും ഷാഹ്പൂരിലുണ്ടെന്ന് പോലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ശനിയാഴ്ച ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പോലീസ് വഴിയില്‍ തടഞ്ഞു. തുടര്‍ന്ന് പ്രതികളായ രണ്ടുപേരും പോലീസിന് നേരേ വെടിയുതിര്‍ത്തു. ഇതോടെ പോലീസും തിരിച്ചടിക്കുകയായിരുന്നു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ റാഷിദിനെ പോലീസ് സംഘം പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അതേസമയം, ഏറ്റുമുട്ടലിനിടെ ഇയാളുടെ കൂട്ടാളി രക്ഷപ്പെട്ടു. വെടിവെപ്പില്‍ ഷാഹ്പുര്‍ എസ്.എച്ച്.ഒ. ബബ്ലുകുമാറിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്.

2020 ഓഗസ്റ്റിലാണ് റാഷിദിന്‍െ്‌റ ഗുണ്ടാസംഘം സുരേഷ് റെയ്നയുടെ ബന്ധുക്കളെ അതിദാരുണമായി കൊലപ്പെടുത്തിയത്. പഞ്ചാബിലെ പത്താന്‍കോട്ട് സ്വദേശിയും സുരേഷ് റെയ്നയുടെ അമ്മാവനുമായ അശോക് കുമാര്‍, ഭാര്യ ആശ റാണി, കൗശല്‍ കുമാര്‍ എന്നിവരാണ് വീട്ടിലെ കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. ഈ കേസില്‍ മുഖ്യസൂത്രധാരനായ ഛജ്ജുവിനെ 2021 ജൂലൈയില്‍ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ രണ്ടുപ്രതികള്‍ കൂടി പിടിയിലായി.

 

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: