CrimeNEWS

പാലത്തിന് സമീപം ഇരുന്നതിന് ലാത്തിക്ക് തല്ലി, മുഖത്തടിച്ചു; കൊച്ചി പോലീസിനെതിരേ യുവാവ്

കൊച്ചി: പോലീസ് അകാരണമായി മര്‍ദിച്ചെന്ന പരാതിയുമായി യുവാവ്. കാക്കനാട് സ്വദേശിയായ റിനീഷ് ആണ് എറണാകുളം നോര്‍ത്ത് പോലീസ് അകാരണമായി മര്‍ദിച്ചെന്ന ആരോപണമുന്നയിച്ചത്. ആശുപത്രിയില്‍ ചികിത്സയിലാണ് റിനീഷ്. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും തൃക്കാക്കര എംഎല്‍എ ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തതാണെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് നോര്‍ത്ത് പോലീസിന്റെ വിശദീകരണം.

”നോര്‍ത്ത് പാലത്തിന് സമീപത്തിരിക്കുമ്പോള്‍ അവിടെ പോലീസെത്തുകയും എവിടെയാണ് വീടെന്ന് ചോദിക്കുകയും ചെയ്തു. കാക്കനാട് ആണ് വീട് എന്ന് പറഞ്ഞതിനു പിന്നാലെ ഫോണ്‍ പരിശോധിക്കണമെന്നായി. ഫോണ്‍ കൊടുക്കില്ലെന്ന് പറഞ്ഞു. ശേഷം എന്നെ പരിശോധിക്കണമെന്നാണ് പോലീസ് പറഞ്ഞത്. പോക്കറ്റില്‍ എന്താണെന്ന് പോലീസ് ചോദിച്ചു. ഒരു ഹെഡ്‌സെറ്റ് മാത്രമാണുണ്ടായിരുന്നത്. ഹെഡ്‌സെറ്റ് പുറത്തേക്കെടുക്കാന്‍ തുടങ്ങുന്നതിനിടെ കൈയിലുണ്ടായിരുന്ന ലാത്തി കൊണ്ട് അടിച്ചു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിക്കുന്നതിന് മുന്‍പുതന്നെ കവിളത്ത് ശക്തിയായി അടിച്ചു. പിന്നാലെ തലകറക്കവും ഛര്‍ദിയുമുണ്ടായി. ഒരു ഭാഗം മരവിച്ചതുപോലെ അനുഭവപ്പെട്ടു. അത്ര ശക്തമായാണ് അടിച്ചത്”- റിനീഷ് പറയുന്നു.

Signature-ad

പിന്നാലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍വെച്ച് ഛര്‍ദിച്ചതിനെത്തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ കൊണ്ടുപോയി. ശേഷം അഞ്ച് മണിയോടെ തന്നെ വിട്ടയക്കുകയായിരുന്നു എന്ന് റിനീഷ് പറയുന്നു. ശാരീരിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് റിനീഷ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മാന്‍പവര്‍ സപ്ലൈയുമായി ബന്ധപ്പെട്ട കമ്പനിയിലെ ജീവനക്കാരനാണ് റിനീഷ്. റെയില്‍വേ സ്റ്റേഷനിലും മറ്റുമായി ജോലി തേടിവരുന്നവരുമായി സംസാരിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് റിനീഷ് പറയുന്നത്.

അതേസമയം, നോര്‍ത്ത് പാലത്തിന് സമീപം മയക്കുമരുന്ന് വില്‍പ്പനയടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചിരുന്നു. പ്രദേശത്ത് പരിശോധന നടത്തിയപ്പോള്‍ റിനീഷിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ മര്‍ദിച്ചിട്ടില്ലെന്നും നോര്‍ത്ത് പൊലീസ് പറയുന്നു.

 

Back to top button
error: