CrimeNEWS

ചികിത്സപ്പിഴവ് ആരോപിച്ച് ആശുപത്രിയില്‍ സംഘര്‍ഷം; ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരേ കേസ്

കോഴിക്കോട്: നവജാതശിശു മരിച്ചസംഭവത്തില്‍ ചികിത്സപ്പിഴവ് ആരോപിച്ച് ഫാത്തിമ ആശുപത്രിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകന് ബോധക്ഷയമുണ്ടായി. ഒരാഴ്ചമുമ്പ് പ്രസവത്തില്‍ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രിയാണ് അനിഷ്ടസംഭവങ്ങളുണ്ടായത്. ചികിത്സിച്ച ഡോക്ടറുടെ പേരില്‍ കുട്ടിയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചിരുന്നു.

ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ ഐഎംഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഡോക്ടര്‍ക്ക് നേരെ ഉണ്ടായ ആക്രമണം കാടത്തമാണെന്നും ആശുപത്രി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നും ഐഎംഎ പറഞ്ഞിരുന്നു. ഇതിനെതിരെ സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ ഐഎംഎ തീരുമാനിച്ചതിന് പിന്നാലെയാണ് നടക്കാവ് പൊലീസ് സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ കേസെടുത്തത്.

Signature-ad

ആശുപത്രിയില്‍ ചികിത്സയില്‍ത്തുടരുന്ന യുവതിയുടെ സി.ടി. സ്‌കാന്‍ ഫലം വൈകുന്നുവെന്നും ആശുപത്രി അധികൃതര്‍ മരണം സംബന്ധിച്ച വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ച് പതിനഞ്ചോളംവരുന്ന സംഘം ആശുപത്രിയില്‍ അതിക്രമിച്ചുകടന്ന് ചില്ലുകളും മറ്റും അടിച്ചുതകര്‍ക്കുകയായിരുന്നു. അക്രമം തടയാനെത്തിപ്പോഴാണ് ഡോ. അശോകന് മര്‍ദനമേറ്റത്.

പ്രസവത്തിനായി എത്തിയപ്പോള്‍ യുവതിക്ക് അണുബാധയുണ്ടായിരുന്നുവെന്നും കുഞ്ഞിനെ രക്ഷിക്കാന്‍ എല്ലാശ്രമവും നടത്തിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Back to top button
error: