
കൊച്ചി/പത്തനംതിട്ട: മലയാലപ്പുഴ വെട്ടൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളം കാലടിയില്‍നിന്ന് കണ്ടെത്തി. വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വെട്ടൂര്‍ ചങ്ങയില്‍ അജേഷ് കുമാറിനെ (ബാബുകുട്ടന്‍-40) ആണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം എറണാകുളം കാലടി പോലീസ് സ്റ്റേഷനു സമീപത്ത് ഇറക്കിവിടുകയായിരുന്നു. അജേഷിനെ കാലടി പോലീസ് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. സില്‍വര്‍ നിറത്തിലുള്ള ഇന്നോവ കാറില്‍ എത്തിയ അഞ്ച് സംഘം അജേഷിന്റെ വീട്ട് മുറ്റത്ത് വണ്ടി നിര്‍ത്തി. രണ്ട് പേര്‍ കാറില്‍ നിന്ന് ഇറങ്ങി കതകില്‍ തട്ടി. വാതില്‍ തുറന്ന അച്ഛന്‍ ഉണ്ണികൃഷ്ണനോട് അജേഷ് കുമാറിനെ അന്വേഷിച്ചു. തൃശ്ശൂരില്‍ നിന്നെത്തിയതാണെന്നാണ് സംഘം പരിചയപ്പെടുത്തിയത്. ഭക്ഷണം കഴിക്കുകയായിരുന്ന അജേഷ് കുമാറിനെ ഉണ്ണികൃഷ്ണനാണ് പുറത്തേക്ക് വിളിച്ചത്. അജേഷ്‌കുമാര്‍ എത്തിയ ഉടന്‍ തന്നെ രണ്ട് പേര്‍ ബലംപ്രയോഗിച്ച് കാറിനുള്ളിലേക്ക് തള്ളി കയറ്റുകയായിരുന്നു. തടയാന്‍ ശ്രമിച്ച അച്ഛനെയും അമ്മയേയും ആക്രമി സംഘം ഉപദ്രവിച്ചു. സംഘര്‍ഷത്തിനിടയില്‍ അമ്മ താഴെ വീണു. ബഹളംകേട്ട് ഓടിവന്ന സമീപവാസികള്‍ കാറിന്റെ പിന്നിലെ ഗ്ലാസ് കല്ലെറിഞ്ഞു തകര്‍ത്തു. പക്ഷേ, കാര്‍ നിര്‍ത്താതെ പോയി.
മലയാലപ്പുഴയിൽ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി
വൈകിട്ടോടെ അജേഷ് വീട്ടിലേക്ക് വിളിച്ച് കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും തിരിച്ചു വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പോലീസ് തിരിച്ചറിഞ്ഞിരുന്നു. കെഎല്‍11 ബിടി 7657 നമ്പര്‍ ചാര നിറമുള്ള കാറിലാണ് തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് റജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമ വി.കെ.മുഹമ്മദ് ആഷിബ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്നും പോലീസ് സ്ഥിരീകരിച്ചിരുന്നു. അജേഷിന്റെ ഫോണില്‍ ഉണ്ടെന്ന കരുതുന്ന വീഡിയോ ദൃശ്യവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് നിഗമനം.