
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതില്‍ ദുരൂഹത. കരാര്‍ കമ്പനിയുടെ കാലാവധി തീര്‍ന്നതിനു പിറ്റേ ദിവസമാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച കരാര്‍ കാലാവധി അവസാനിച്ചിരുന്നു. കരാര്‍ നീട്ടണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായത്.
അതേസമയം, തീപിടിത്തം കരാര്‍ നീട്ടാനുള്ള ഗൂഢാലോചനയെന്ന് കോര്‍പറേഷന്‍ സിപിഐ പാര്‍ലമെന്ററികാര്യ സെക്രട്ടറി സി.എ.ഷക്കീര്‍ ആരോപിച്ചു. ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു. ടെന്‍ഡറുമായി ബന്ധപ്പെട്ട ഫയലില്‍ മേയര്‍ തീരുമാനം എടുക്കുന്നില്ലെന്നും എല്‍ഡിഎഫില്‍ കൂട്ടായ ചര്‍ച്ചകളില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടങ്ങുന്ന കൂനയ്ക്ക് വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് തീപിടിച്ചത്. ശക്തമായ കാറ്റില്‍ കൂടുതല്‍ മാലിന്യങ്ങളിലേക്ക് തീ പടര്‍ന്നത് വെല്ലുവിളിയായി. പ്ലാന്റിലെ അഗ്‌നിരക്ഷ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാത്തതും ദുരിതം ഇരട്ടിയാക്കി. തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്തപുക രൂപപ്പെട്ടിരുന്നു. വാഹനഗതാഗതം ദുഷ്‌കരമായി.