കോഴിക്കോട്: നാദാപുരം നരിപ്പറ്റ റോഡില്‍ ഉണ്ടായ സ്റ്റീല്‍ ബോംബ് സ്‌ഫോടനത്തില്‍ നാട് നടുങ്ങി. ഞായറാഴ്ച രാത്രി 10.30 നാണ് പൗര്‍ണമി വായനശാലയ്ക്കു സമീപം റോഡില്‍ ഉഗ്ര സ്‌ഫോടനം നടന്നത്. ടാര്‍ റോഡില്‍ പതിച്ച സ്റ്റീല്‍ ബോംബ് വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് റോഡില്‍ ടാറിങ് ഇളകിയ നിലയിലാണ്.
സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയപ്പോള്‍ സ്ഥലത്ത് പുക നിറഞ്ഞ നിലയിലും വെടിമരുന്നിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടതായും പരിസരവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിന്റെ സൈറണ്‍ മുഴങ്ങുകയും, മേഖലയാകെ പ്രകമ്പനം കൊള്ളുകയും ചെയ്തു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്ക് പുക ശ്വസിച്ചും മറ്റും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തു.
പോലീസ് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ കണ്ടെയ്‌നറിന്റെ ചീളുകള്‍ കസ്റ്റഡിയിലെടുത്തു. സ്‌ഫോടന സമയത്ത് റോഡില്‍ മോട്ടോര്‍ ബൈക്കും ഓട്ടോറിക്ഷകളും കടന്നുപോയ സമയത്താണ് സ്‌ഫോടനം നടന്നത്. റോഡിന് പരിസരത്തെ ഇടറോഡില്‍ നിന്നോ മറ്റോ സ്റ്റീല്‍ ബോംബ് എറിഞ്ഞ് ഭീതി പരത്തിയതാകാമെന്നാണ് പോലീസ് നിഗമനം. പ്രദേശത്തെ പ്രകമ്പനം കൊള്ളിച്ചുണ്ടായ സ്‌ഫോടനം നാട്ടുകാരെ ഭീതിയിലാഴ്ത്തി. നാദാപുരം എസ്‌ഐ എസ് ശ്രീജിത്ത്, ബോംബ്, പയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡ് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.