KeralaNEWS

പാര്‍ട്ടിയില്‍ മുഴുവന്‍ കുറ്റവാളികള്‍, കുട്ടികളെ ബാലസംഘത്തിലേയ്ക്ക് വിടാന്‍ വീട്ടുകാര്‍ക്ക് മടി; സി.പി.എം യോഗത്തില്‍ രൂക്ഷ വിമര്‍ശനം

ആലപ്പുഴ: സി.പി.എം കായംകുളം ഏരിയ കമ്മിറ്റിയില്‍ സംഘടനാ ചര്‍ച്ചയ്ക്കായി ചേര്‍ന്ന യോഗത്തില്‍ നേതൃത്വത്തിന് രൂക്ഷവിമര്‍ശനം. പ്രാദേശിക നേതൃത്വത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണ കമ്മിഷനെ വച്ചെങ്കിലും, റിപ്പോര്‍ട്ടില്‍ ചര്‍ച്ചനടത്താത്തതിലായിരുന്നു വിമര്‍ശനം.

ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ അശ്ലീല സംഭാഷണം, കരീലക്കുളങ്ങരയില്‍ സി.പി.എമ്മുകാരന്റെ കടയാക്രമിച്ച സംഭവം, കായംകുളം താലൂക്കാശുപത്രിയില്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണ കമ്മിഷനെ വച്ചത്. റിപ്പോര്‍ട്ടില്‍ ചര്‍ച്ച നടക്കാത്തതിനെതിരേ സമൂഹമാദ്ധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ കൊമ്പുകോര്‍ക്കുന്നുണ്ട്. കായംകുളത്തെ വിഭാഗീയതയുടെ ചുവടുപിടിച്ചാണ് ഇത്തരം ആരോപണങ്ങള്‍. അഴിമതി, ഗുണ്ടാ ബന്ധം, സമൂഹമാദ്ധ്യമ ചര്‍ച്ച, ഡിവൈഎഫ്‌ഐയില്‍ ക്രിമിനലുകള്‍ കൂടുന്നുവെന്ന ആരോപണം, നഗരഭരണത്തിലെ വീഴ്ച എന്നിവയും കമ്മിറ്റിയില്‍ ഉയര്‍ന്നു.

Signature-ad

പാര്‍ട്ടിയിലും പോഷക സംഘടനകളിലും കുറ്റവാളികള്‍ കൂടിവരികയാണെന്ന് ഒരു നേതാവ് ആക്ഷേപമുയര്‍ത്തി. ഇക്കാരണത്താല്‍ ബാലസംഘത്തിലേയ്ക്ക് കുട്ടികളെ വിടാന്‍ വീട്ടുകാര്‍ക്ക് മടിയാണ്. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയേറ്റംഗത്തിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്ത് വിഷയം പരിഹരിക്കാമെന്നും യോഗത്തില്‍ ധാരണയായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശന്‍, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, സെക്രട്ടേറിയറ്റംഗങ്ങളായ എം സത്യപാലന്‍, കെ.എച്ച്. ബാബുജാന്‍, എ. മഹേന്ദ്രന്‍, ഹരിശങ്കര്‍ എന്നിവര്‍ കമ്മിറ്റിയില്‍ പങ്കെടുത്തു.

 

Back to top button
error: