IndiaNEWS

ഒളി ക്യാമറ വിവാദം; ബി.സി.സി.ഐ മുഖ്യസെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവച്ചു

മുംബൈ: ഒളി ക്യാമറ വിവാദത്തിന് പിന്നാലെ ബി.സി.സി.ഐ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാക്കാണ് ശര്‍മ്മ രാജിക്കത്തയച്ചത്. രാജി സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.

പൂര്‍ണ കായിക ക്ഷമതയ്ക്കു വേണ്ടി ചില താരങ്ങള്‍ ഡോപ്പിങ് ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സീ ന്യൂസ് നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ ശര്‍മ്മ വെളിപ്പെടുത്തിയിരുന്നു. രോഹിത് ശര്‍മ്മ-വിരാട് കോലി ശീതസമരത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ”രോഹിതും കോലിയും തമ്മില്‍ പിണക്കമില്ല. എന്നാല്‍, ഇവര്‍ തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ട്. അത് വലുതാണ്. ഒരാള്‍ അമിതാഭ് ബച്ചനെയും മറ്റൊരാള്‍ ധര്‍മേന്ദ്രയെയും പോലെ. ഇരുവര്‍ക്കും ടീമില്‍ സ്വന്തം ഇഷ്ടക്കാരുണ്ട്. മുന്‍ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി കാരണമാണ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതെന്ന് കോലി കരുതുന്നു. ഗാംഗുലിയുടെ പല നിര്‍ദേശങ്ങളും കോലി കേള്‍ക്കുമായിരുന്നില്ല. കളിയേക്കാള്‍ വലിയ ആളാണ് താന്‍ എന്നാണ് കോലിയുടെ ഭാവം.” – അദ്ദേഹം പറയുന്നു.

Signature-ad

ഏറെ വൈകാതെ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാണ്ഡ്യ തന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് സാരമായ പരുക്കാണ്. അതുമൂലം അദ്ദേഹത്തിന് കുനിയാന്‍ പോലും കഴിയില്ല. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഒരു മത്സരമെങ്കിലും കളിച്ചിരുന്നെങ്കില്‍ പിന്നീട് ഒരു വര്‍ഷത്തേക്ക് അദ്ദേഹം പുറത്തിരിക്കേണ്ടി വന്നേനെയെന്നും ചേതന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളി താരം സഞ്ജു സാംസണെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്ററില്‍ വെടിപൊട്ടും എന്നാണ് ശര്‍മ്മ പറഞ്ഞിരുന്നത്. സഞ്ജുവിനെ ടീമില്‍ നിന്ന് തഴയുന്ന വേളയിലെല്ലാം നടക്കുന്ന ട്വിറ്റര്‍ ചര്‍ച്ചകളെ കുറിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ ഇഷാന്‍ കിഷന്റെ ഡബ്ള്‍ സെഞ്ച്വറിയും ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഫോമും സഞ്ജു, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ കരിയര്‍ അപകടത്തിലാക്കിയെന്നും ശര്‍മ്മ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

 

Back to top button
error: