KeralaNEWS

മഞ്ഞിനിക്കരയിലേക്ക് തീര്‍ഥാടക പ്രവാഹം തുടങ്ങി: തീര്‍ഥാടക സംഗമം ഇന്ന് വൈകിട്ട് 

പത്തനംതിട്ട: മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവായുടെ ദുഖ്‌റോനോ പെരുന്നാള്‍ നടക്കുന്ന മഞ്ഞനിക്കര ദയറായിലേക്ക് തീര്‍ഥാടക പ്രവാഹം. ഇന്നലെ വൈകിട്ട് മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പദയാത്രാ സംഘങ്ങള്‍ കബറിങ്കലെത്തി തുടങ്ങി. ഇന്ന് വൈകിട്ട് ഓമല്ലൂര്‍ കുരിശടിയില്‍ തീര്‍ഥാടക സംഗമം നടക്കും.

നാലു മേഖലകളില്‍ നിന്നാണ് പ്രധാനമായും പദയാത്രാ സംഘങ്ങള്‍ എത്തുന്നത്. പ്രധാനം വടക്കന്‍ മേഖലയാണ്. വയനാട്ടിലെ മീനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര കോഴിക്കോട്, അങ്കമാലി വഴി മൂവാറ്റുപുഴ എത്തിച്ചേരും. ഇവിടെ നിന്നുമുള്ള തീര്‍ഥാടകരുമായി സംഗമിച്ചാണ് തുടര്‍യാത്ര. അലങ്കരിച്ച രഥങ്ങള്‍ ഓരോ സംഘങ്ങള്‍ക്കും ഉണ്ടാകും. അടിമാലി, മൂന്നാര്‍, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, മണര്‍കാട്, തിരുവല്ല വഴിയാണ് പ്രധാന തീര്‍ത്ഥയാത്ര വരുന്നത്.

Signature-ad

കട്ടപ്പന, മുണ്ടക്കയം, റാന്നി വഴി കിഴക്കന്‍ തീര്‍ഥയാത്രയും കോന്നി, വകയാര്‍, വള്ളിക്കോട്, വാഴമുട്ടം വഴി തുമ്പമണ്‍ ഭദ്രാസന കിഴക്കന്‍ മേഖല തീര്‍ഥയാത്രയും തിരുവനന്തപുരം, കൊല്ലം, അടൂര്‍, കായംകുളം എന്നിവിടങ്ങളില്‍ നിന്നും തെക്കന്‍ മേഖല തീര്‍ഥയാത്രയും ചെങ്ങന്നൂര്‍, മാന്തുക, മെഴുവേലി ഭാഗത്തു നിന്നും പടിഞ്ഞാറന്‍ മേഖല തീര്‍ഥയാത്രയും കബറിങ്കല്‍ എത്തിച്ചേരും. 10 ദിവസം മുന്‍പ് പുറപ്പെട്ട കാല്‍നട തീര്‍ഥയാത്രയാണ് ഇന്നു മഞ്ഞിനിക്കരയില്‍ എത്തുന്നത്. കണ്ണൂരിലെ കേളകത്തു നിന്നുമാണ് ആദ്യ പദയാത്ര ആരംഭിച്ചത്.

ഡല്‍ഹി, മുംബൈ, ചെന്നൈ, എന്നിവിടങ്ങളില്‍ നിന്നും തിരിച്ച തീര്‍ഥാടകര്‍ ട്രെയിന്‍ മാര്‍ഗം റെയില്‍വേ സ്‌റ്റേഷനില്‍ എത്തി അവിടെ നിന്ന് പദയാത്രയായി വരും. മഞ്ഞ പാത്രിയര്‍ക്കാ കൊടികളും ബാവായുടെ ചിത്രം വെച്ച് അലങ്കരിച്ച നൂറു കണക്കിന് രഥങ്ങളും പദയാത്രയില്‍ ഉണ്ടാകും.

ഇന്ന് വൈകിട്ട് മൂന്നിന് ഓമല്ലൂര്‍ കുരിശിങ്കല്‍ വച്ച് മെത്രാപ്പോലീത്താമാരും മോര്‍ സ്‌തേഫാനോസ് പള്ളി ഇടവകക്കാരും സമീപ ഇടവകകളിലെ അംഗങ്ങളും ഭാരവാഹികളും സംയുക്തമായി സ്വീകരിച്ച് കബറിങ്കലേക്ക് വരവേല്‍ക്കും. ദയറാ കവാടത്തിലും തീര്‍ത്ഥാടകരെ സ്വീകരിക്കും.  അഞ്ചിന് പ്രാര്‍ത്ഥന. ആറിന് നടക്കുന്ന പൊതു സമ്മേളനം പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെ പ്രതിനിധി മോര്‍ യാക്കൂബ് ബബാവി മെത്രാപ്പോലീത്ത (ഡമാസ്‌കസിലെ സെന്റ് അഫ്രേം സിറിയന്‍ ഓര്‍ത്തഡോക്‌സ് സെമിനാരി ഡയറക്ടര്‍), ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിക്കും.

യാക്കോബായ സുറിയാനി സഭയുടെ മെട്രോപ്പോലീത്തന്‍ ട്രസ്റ്റി മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. അഖില മലങ്കര അടിസ്ഥാനത്തില്‍ സണ്ടേസ്‌കൂളില്‍ എറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയ കുട്ടിക്കുള്ള സെന്റ് ഏലിയാസ് ത്രിതീയന്‍ ഗോള്‍ഡ് മെഡല്‍ ദാനം സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ മോര്‍ തീമോത്തിയോസ് തോമസും തീര്‍ത്ഥാടകസംഘത്തിന്റെ അവാര്‍ഡുകള്‍ മേലല്‍ കുരിശു ദയറാ തലവനായ മോര്‍ ദീയസ്‌കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും തുമ്പമണ്‍ ഭദ്രാസനത്തിന്റെ അവാര്‍ഡുകള്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായും നിരണം ഭദ്രാസനത്തിന്റെ അവാര്‍ഡുകള്‍ മോര്‍ കൂറിലോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായും വിതരണം ചെയ്യും.

നാളെ പുലര്‍ച്ചെ മൂന്നിന് മോര്‍ സ്‌തേഫാനോസ് കത്തീഡ്രലില്‍ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ദയറാ കത്തീഡ്രലില്‍ 5.15 ന് പ്രാര്‍ത്ഥനയും 5.45ന് മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത (മെട്രോപ്പോലീത്തന്‍ ട്രസ്റ്റി) മോര്‍ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത (മൂവാറ്റുപുഴ മേഖല) മോര്‍ ക്രിസ്‌തോഫോേറാസ് മര്‍ക്കോസ് മെത്രാപ്പോലീത്ത (പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറി) എന്നിവരുടെ കാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയും നടക്കും. രാവിലെ 8.30ന് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലൈഹിക പ്രതിനിധി മോര്‍ യാക്കൂബ് ബബാവിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും മോറാന്റെ കബറിങ്കലും മോര്‍ യൂലിയോസ് ഏലിയാസ് ബാവാ, മോര്‍ യൂലിയോസ് യാക്കൂബ്, മോര്‍ ഒസ്ത്താത്തിയോസ് ബെന്യാമീന്‍ ജോസഫ്, മോര്‍ യൂലിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധൂപ പ്രാര്‍ത്ഥനയും 10.30ന് സമാപന റാസയും നേര്‍ച്ച വിളമ്പും നടത്തും.

 

Back to top button
error: