KeralaNEWS

കേരള ശാസ്ത്ര കോണ്‍ഗ്രസ് ഇന്നു മുതല്‍ 14 വരെ കുട്ടിക്കാനത്ത്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തൊടുപുഴ: മുപ്പത്തഞ്ചാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഇന്ന് മുതല്‍ 14 വരെ കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്റ്റിയന്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി ക്യാമ്പസില്‍ നടക്കും. ഞായറാഴ്ച രാവിലെ 10-ന് ഡോ. ജി.എന്‍.രാമചന്ദ്രന്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. ആദ്യ ദിനമായ വെള്ളിയാഴ്ച ദേശീയ ശാസ്ത്ര പ്രദര്‍ശനം (നാഷണല്‍ സയന്‍സ് എക്‌സ്‌പോ) ആരംഭിക്കും. വാഴൂര്‍ സോമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനം അവസാന ദിവസം വരെയുണ്ടാകും.

വിക്രം സാരാഭായി സ്‌പേസ് സെന്റര്‍, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ഉള്‍പ്പടെ എഴുപത്തഞ്ചോളം സ്റ്റാളുകളുണ്ടാകും. ഞായറാഴ്ച ഉദ്ഘാടനത്തിന് ശേഷം കേരളത്തിന്റെ കാലാവസ്ഥ-2023 എന്ന പ്രത്യേക പതിപ്പ്, ശാസ്ത്ര-സാങ്കേതിക വിദ്യയുടെ 50 വര്‍ഷം കേരളത്തില്‍- സമാഹാരം എന്നിവ മുഖ്യമന്ത്രി പ്രകാശിപ്പിക്കും. യുവ ശാസ്ത്ര ഗവേഷകര്‍ക്കുള്ള പുരസ്‌കാരങ്ങളായ മുഖ്യമന്ത്രിയുടെ സുവര്‍ണ മെഡല്‍, ഡോ. എസ്.വാസുദേവ് അവാര്‍ഡ്, ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍, മികച്ച ഗവേഷകനുള്ള അവാര്‍ഡ് എന്നിവയും നല്‍കും. മന്ത്രി റോഷി അഗസ്റ്റിന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിക്കപ്പെടുന്ന പ്രത്യേക പ്രഭാഷണങ്ങളുടെയും പ്രബന്ധങ്ങളുടെയും സമാഹാരം പ്രകാശിപ്പിക്കും. 11.30 മുതല്‍ ഉച്ചവരെ ശാസ്ത്ര കോണ്‍ഗ്രസിന്റെ ഈ വര്‍ഷത്തെ മുഖ്യ പ്രതിപാദ്യ വിഷയമായ നാനോ സയന്‍സും നാനോ ടെക്‌നോളജിയും മാനവ ക്ഷേമത്തിന് എന്ന വിഷയത്തില്‍ പ്രഭാഷണങ്ങള്‍ അവസാന ദിനം വരെ നടക്കും.

Signature-ad

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കേരള യുവശാസ്ത്രജ്ഞ പുരസ്‌കാര ജേതാക്കളുടെ പ്രബന്ധാവതരണങ്ങള്‍, ശാസ്ത്രാധിഷ്ഠിത പ്രശ്‌ന പരിഹാരം, സ്റ്റാര്‍ട്ട് അപ്‌സ്, ഇന്നവേറ്റേഴ്‌സ് ആന്‍ഡ് ഇന്‍കുബേറ്റേഴ്‌സ് എന്നിവയുടെ പ്രത്യേക സെഷന്‍ ഉണ്ടാകും. സമാപന ദിവസമായ ചൊവ്വാഴ്ച ഉച്ചവരെ സംസ്ഥാന ബാല ശാസ്ത്ര കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധങ്ങളുടെ അവതരണങ്ങളും ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രമുഖരുമായി സംവദിക്കാനായുള്ള അവസരവും ഉണ്ടായിരിക്കും. തുടര്‍ന്ന് അവാര്‍ഡ് വിതരണം. ശാസ്ത്ര കോണ്‍ഗ്രസില്‍ ആയിരത്തിലത്തിലധികം ഗവേഷകര്‍ പങ്കെടുക്കും. 12 ഗവേഷണ മേഖലയിലായി നൂറ്റിയന്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍, ഇരുന്നൂളം പോസ്റ്ററുകള്‍ എന്നിവ അവതരിപ്പിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള വനഗവേഷണ സ്ഥാപനം, കുട്ടിക്കാനം മാര്‍ ബസേലിയോസ് ക്രിസ്റ്റിയന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Back to top button
error: