NEWSSocial Media

വനിതാ എസ്.എച്ച്.ഒയ്ക്ക് കോണ്‍സ്റ്റബിളിന്റെ മസാജ്; വീഡിയോ വിവാദമായതോടെ അന്വേഷണം

ലഖ്നൗ: പോലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ.യ്ക്ക് കോണ്‍സ്റ്റബിള്‍ മസാജ് ചെയ്തുനല്‍കുന്ന വീഡിയോ പുറത്തുവന്നതോടെ അന്വേഷണം പ്രഖ്യാപിച്ച് യു.പി. പോലീസ്. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് വനിതാ പോലീസ് സ്റ്റേഷനില്‍നിന്നുള്ള ദൃശ്യങ്ങളിലാണ് എസ്.എച്ച്.ഒ. മുനീത സിങ്ങിനെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് പോലീസ് സൂപ്രണ്ട് സൗരഭ് ദീക്ഷിത് അറിയിച്ചു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എസ്.എച്ച്.ഒ.യെ സ്ഥലംമാറ്റിയിട്ടുമുണ്ട്.

കഴിഞ്ഞദിവസങ്ങളിലാണ് കസ്ഗഞ്ച് വനിതാ സ്റ്റേഷനില്‍നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറായ(എസ്.എച്ച്.ഒ) മുനീത സിങ് കസേരയിലിരുന്ന് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിനെക്കൊണ്ട് ചുമലുകളില്‍ മസാജ് ചെയ്യിപ്പിക്കുന്നതാണ് 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുണ്ടായിരുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാകുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

Signature-ad

അതേസമയം, പഴയ വീഡിയോയാണ് പ്രചരിച്ചതെന്നും വേനല്‍ക്കാലത്തെ യൂണിഫോം ധരിച്ചാണ് എല്ലാ ഉദ്യോഗസ്ഥരെയും വീഡിയോയില്‍ കാണുന്നതെന്നും അതിനാല്‍ ഏറെസമയം മുന്‍പ് നടന്ന സംഭവമാണിതെന്നും സര്‍ക്കിള്‍ ഓഫീസര്‍(സിറ്റി) അജിത് കുമാര്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: