CrimeNEWS

ഉദ്യോഗസ്ഥര്‍ക്ക് നേരെ കുരുമുളകു സ്പ്രേ, ആക്രമണം; സബ് ജയിലില്‍നിന്നു രക്ഷപ്പെട്ട പ്രതി പിടിയില്‍

ആലപ്പുഴ: മാവേലിക്കര സബ് ജയിലില്‍നിന്നു രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി പിടിയില്‍. തിരുവല്ല നെടുമ്പ്രം കണ്ണാറചിറ വിഷ്ണു ഉല്ലാസിനെ(26)യാണ് തിരുവല്ല തുകലശ്ശേരിയില്‍നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെ ജയില്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കഞ്ചാവുകേസിലെ പ്രതിയായ സുഹൃത്തിന്റെ വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. വഴിയില്‍ തടഞ്ഞു നിര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരേ പ്രതി കുരുമുളക് സ്‌പ്രേ അടിച്ചു. ഒടവില്‍ സാഹസികമായി പ്രതിയെ ഉദ്യോഗസ്ഥര്‍ കീഴടക്കുകയായിരുന്നു.

ജനുവരി 26-നു രാവിലെ ഏഴരയോടെയാണ് വിഷ്ണു മാവേലിക്കര സബ് ജയിലില്‍നിന്നു രക്ഷപ്പെട്ടത്. അന്നുമുതല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സംഘങ്ങളായി തിരിഞ്ഞ് അന്വേഷിച്ചുവരുകയാണ്. മാവേലിക്കര പോലീസും തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. സംഭവശേഷം നെടുമ്പ്രത്തെ വീട്ടില്‍ ഇയാള്‍ എത്തിയിരുന്നില്ല. എന്നാല്‍, കഞ്ചാവ് ഉപയോഗിക്കാറുള്ള ഇയാള്‍ തിരുവല്ലയിലും സമീപപ്രദേശങ്ങളിലുമുള്ള കഞ്ചാവുവില്‍പ്പനക്കാരുമായി ബന്ധപ്പെടുന്നതായി ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിരുന്നു.

Signature-ad

തുകലശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞദിവസം പിറന്നാളാഘോഷം നടന്നിരുന്നു. ചടങ്ങില്‍ പങ്കെടുത്തില്ലെങ്കിലും അടുത്ത ദിവസങ്ങളിലെത്തുമെന്ന സംശയത്തില്‍ ഉദ്യോഗസ്ഥര്‍ വീടിന്റെ പരിസരം നിരീക്ഷിച്ചുവരുകയായിരുന്നു. ഹെല്‍മെറ്റും ഫുള്‍ക്കൈ ഷര്‍ട്ടും ധരിച്ച് തിരുവല്ലയിലൂടെ യാത്രചെയ്യുന്ന ഇയാളുടെ സി.സി. ടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതും അന്വേഷണത്തിനു സഹായകരമായി.

ആയുധം കൈവശംവച്ചതും യുവതിയെ ഭീഷണിപ്പെടുത്തിയതും ഉള്‍പ്പെടെയുള്ള കേസുകളില്‍ പുളിക്കീഴ് പോലീസ് അറസ്റ്റുചെയ്ത വിഷ്ണുവിനെ ജനുവരി 25-നു വൈകിട്ടാണ് ജയിലിലെത്തിച്ചത്. സബ് ജയിലിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തെ മതില്‍ ചാടിക്കടന്നാണ് വിഷ്ണു രക്ഷപ്പെട്ടത്. ഉയരമുള്ള മതിലിലൂടെ സാധാരണഗതിയില്‍ ഒരാള്‍ക്ക് പുറത്തുകടക്കാന്‍ കഴിയില്ല. ഇതിനാല്‍ പ്രതി രക്ഷപ്പെട്ട വഴി കൃത്യമായി അറിയാതെ ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലായിരുന്നു.

വടക്കുപടിഞ്ഞാറുഭാഗത്തെ മതില്‍ വനിതാ ജയിലിനോടു ചേര്‍ന്നാണുള്ളത്. വനിതാ ജയിലിന്റെ മതിലും സബ് ജയിലിന്റെ പ്രധാന കെട്ടിടവും ചേരുന്ന ഭാഗത്ത് നേരിയ വിടവുണ്ട്. ഇതിലൂടെ കൈകടത്തിയാണ് മുകളിലേക്കു പിടിച്ചുകയറിയതെന്ന് വിഷ്ണു ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉടന്‍തന്നെ ഈ ഭാഗം അടയ്ക്കുമെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു.

Back to top button
error: