IndiaNEWS

സുപ്രീം കോടതിയില്‍ നാടകീയത; പ്രത്യേക സിറ്റിങ്ങില്‍ മാറ്റം, സത്യപ്രതിജ്ഞയും വാദം കേള്‍ക്കലും ഒരേസമയം

ന്യൂഡല്‍ഹി: ബി.ജെ.പി ഭാരവാഹിയായിരുന്ന അഭിഭാഷക എല്‍.സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ സുപ്രീംകോടതിയില്‍ നടന്നത് നാടകീയ നീക്കങ്ങള്‍. ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ കോടതി രാവിലെ 9.15 ന് പ്രത്യേക സിറ്റിങ്ങ് നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്.

ഇതേത്തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ചീഫ് ജസ്റ്റിസിന്റെ കോടതിയിലെത്തി. എന്നാല്‍, ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പ്രത്യേക സിറ്റിങ്ങ് ചേര്‍ന്നില്ല. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്നും കേസ് പരിഗണിക്കുന്നത് മാറ്റിയതായി അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചിലേക്കാണ് മാറ്റിയത്.

Signature-ad

രാവിലെ 10.35 നാണ് വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതിന് മുമ്പായി ഹര്‍ജികള്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് രാവിലെ 10.30 ന് ഹര്‍ജി പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകര്‍ പ്രത്യേക സിറ്റിങ്ങിനായി ഹാജരായിരുന്നുമില്ല.

ഇതോടെ സത്യപ്രതിജ്ഞയുടെ സമയത്തു തന്നെയാകും സുപ്രീംകോടതി വിക്ടോറിയയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുക. ബി.ജെ.പി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരാണ് രംഗത്തുവന്നത്.

വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരേ വിക്ടോറിയ ഗൗരി വിദ്വേഷ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും, അത്തരമൊരാള്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നത് സ്വതന്ത്രമായ നീതി നിര്‍വഹണത്തിന് പ്രതികൂലമാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

Back to top button
error: