KeralaNEWS

ഇടതു മുന്നണിക്ക് എതിര്‍പ്പില്ല, സംസ്ഥാനത്തെ പെന്‍ഷന്‍ പ്രായം കൂട്ടിയേക്കും; ബഡ്ജറ്റില്‍ പ്രഖ്യാപനം?

തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 57 ആയി ഉയര്‍ത്താന്‍ ആലോചന. പൊതുമേഖലാ സ്ഥാപനങ്ങളിലെയും പെന്‍ഷന്‍ പ്രായം കൂട്ടാന്‍ നിര്‍ദ്ദേശമുണ്ട്. ഇതിലൂടെ 4000 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷം ലാഭിക്കാം. വരുന്ന ബഡ്ജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കാം.

ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം 56 ല്‍നിന്ന് 57 ആക്കണമെന്ന് കെ. മോഹന്‍ദാസ് അദ്ധ്യക്ഷനായ ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശിപാര്‍ശയുമുണ്ട്. ബഡ്ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നതും ചര്‍ച്ചയായി. അനുകൂല നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നത് സര്‍ക്കാരിന് പ്രോത്സാഹനമായിട്ടുണ്ട്. പെന്‍ഷന്‍പ്രായം കൂട്ടുന്നതില്‍ ഇടതുമുന്നണിയില്‍ കാര്യമായ എതിര്‍പ്പില്ല. യുവജനങ്ങളുടെ പ്രതിഷേധത്തിലാണ് ആശങ്ക.

പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കാന്‍ മൂന്ന് മാസം മുമ്പ് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ശക്തമായ എതിര്‍പ്പില്‍ പിന്‍വാങ്ങുകയായിരുന്നു. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ജല അതോറിറ്റി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം പരിഷ്‌ക്കരിക്കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു.

പൊതുമേഖലാസ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി റിയാബ് തയ്യാറാക്കിയ 9000 കോടി രൂപയുടെ മാസ്റ്റര്‍ പ്‌ളാനിലും പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. 134 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ 114 എണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ചിലതില്‍ പെന്‍ഷന്‍ പ്രായം 60 ആണ്. ചിലതില്‍ 58. ചില സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് 60 വയസും മറ്റ് ജീവനക്കാര്‍ക്ക് 58 വയസുമാണ്.. ഇതെല്ലാം ഏകീകരിച്ച് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കല്‍ പ്രായം 60 ആക്കാനാണ് നിര്‍ദ്ദേശം.

പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ അടുത്ത വര്‍ഷത്തെ സാമ്പത്തിക ഞെരുക്കം വലിയൊരളവ് വരെ മറികടക്കാമെന്നാണ് കണക്കുകൂട്ടല്‍. 5.15 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ 1.48 ലക്ഷം പേര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലാണ്. ഇവരുടെ പെന്‍ഷന്‍ പ്രായം 60 ആണ്. ശേഷിക്കുന്ന 3.67ലക്ഷം ജീവനക്കാര്‍ക്കാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ ഗുണം കിട്ടുക. പങ്കാളിത്ത പെന്‍ഷനിലൂടെ, പത്തുവര്‍ഷത്തിനുള്ളില്‍ അന്‍പത് ശതമാനം പേരുടെയും, ഇരുപത് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ജീവനക്കാരുടേയും പെന്‍ഷന്‍ പ്രായം അറുപതാവും.

Back to top button
error: