CrimeNEWS

രാസലഹരിയുമായി മൂന്ന് പേര്‍ പെരുമ്പാവൂരിൽ പിടിയിൽ, ലഹരിക്കടത്ത് വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച്; പ്രതികളെ പിടിച്ചത് വാഹനത്തിന് വട്ടംവച്ച് തടഞ്ഞ്

കൊച്ചി: രാസലഹരിയുമായി മൂന്ന് പേര്‍ പെരുമ്പാവൂരിൽ പൊലീസ് പിടിയിൽ. കണ്ടന്തറ ചിറയിലാൻ വീട്ടിൽ ഷിബു (39), മുടിക്കൽ പണിക്കരുകുടി വീട്ടിൽ സനൂബ് (38), ചെങ്ങൽ പാറേലിൽ ഷബീർ (42) എന്നിവരെയാണ് കാഞ്ഞിരക്കാട് വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 6.95 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി.

മയക്കുമരുന്ന് കടത്താനുപയോഗിച്ച ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക്‌ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച വാഹനം വട്ടം വച്ച് തടഞ്ഞാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നുമാണ് സംഘം രാസലഹരി കൊണ്ടുവന്നത് എന്ന് പൊലീസ് പറഞ്ഞു. പത്ത് ചെറിയ പായ്ക്കറ്റുകളിലും, ഒരു ടിന്നിലുമായി വാഹനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് സംഘം കടത്തിയത്.

പ്രതികളിൽ ഷിബു ഇതിനു മുമ്പും മയക്ക് മരുന്ന് കൊണ്ടു വന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളുമായി അടുപ്പമുള്ളവർക്കാണ് ഇതിൻ്റെ വിൽപ്പന നടത്തുന്നത്. സർക്കോട്ടിക് സെൽ ഡിവൈഎസ്പി: പി.പി. ഷംസിന്‍റെ നേതൃത്വത്തിൽ, ഇൻസ്പെക്ടർ ആർ രഞ്ജിത്, എസ്.ഐമാരായ ജോസി.എം ജോൺസൻ, പി.പി. ബിനോയി എസ്.സി.പി.ഒമാരായ സി.കെ. മീരാൻ, ജിഞ്ചു കെ. മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: