IndiaNEWS

മംഗ്‌ളുറു മയക്കുമരുന്നു വേട്ട, കഞ്ചാവ് കച്ചവടത്തിൻ്റെ പേരിൽ ഡോക്ടര്‍മാരും വിദ്യാര്‍ഥികളായ വനിതകളും ഉൾപ്പടെ 9 പേർ ഇന്നലെയും മലയാളി ഡി ഫാം വിദ്യാര്‍ഥിയുള്‍പെടെ 3 പേര്‍ ഇന്നും മംഗ്‌ളൂറില്‍ അറസ്റ്റില്‍

മംഗ്‌ളുറു നഗരത്തില്‍ പൊലീസ് മയക്കുമരുന്ന് വേട്ട തുടരുന്നു. കഞ്ചാവ് വില്‍പനയിലേര്‍പ്പെട്ട മലയാളി കോളജ് വിദ്യാര്‍ഥിയടക്കം മൂന്നുപേരെ പൊലീസ് ഇന്ന് (വ്യാഴം)  അറസ്റ്റ് ചെയ്തു.

ദക്ഷിണ കന്നഡ ജില്ലാ സ്വദേശിയും നഗരത്തില്‍ പഴം വില്പന കടയില്‍ ജീവനക്കാരനുമായ മുഹമ്മദ് അഫ്രാര്‍ (23), ഡി ഫാര്‍മസി വിദ്യാര്‍ഥിയും എറണാകുളം ജില്ലക്കാരനുമായ അദുന്‍ ദേവ് (26), ദക്ഷിണ കന്നഡ ജില്ലക്കാരനും എം.ഡി വിദ്യാര്‍ഥിയുമായ ഡോ. വി എസ് ഹര്‍ഷ കുമാര്‍ എന്നിവരെയാണ് മംഗ്‌ളുറു പൊലീസ് അറസ്റ്റ് ചെയ്തത്. അദുന്‍ ദേവും ഹര്‍ഷ കുമാറും മംഗ്‌ളൂറിലെ സ്വകാര്യ കോളജിലാണ് പഠിക്കുന്നത്.

Signature-ad

ഫ്ലാറ്റില്‍ കഞ്ചാവ് ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തില്‍ ഒമ്പതു പേരെ മംഗ്‌ളുറു ഈസ്റ്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടര്‍മാരും മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ഥികളും ഉള്‍പെട്ട സംഘത്തില്‍ നാലുപേര്‍ വനിതകളാണ്. ഇന്‍ഡ്യന്‍ വംശജനായ വിദേശ പൗരനും ഡെന്റല്‍ വിദ്യാര്‍ഥിയുമായ നീല്‍ കിഷോറിലാല്‍ രാംജി ഷായെ (38) ഈ മാസം എട്ടിന് കഞ്ചാവുമായി അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച സംഘത്തിലെ കണ്ണികളെ പിടികൂടിയത്.

ഡോ. സമീര്‍ (32), ഡോ. മണിമാരന്‍ മുത്തു (28), ഡോ. നാദിയ സിറാജ് (24), ഡോ. വര്‍ഷിനി പ്രതി (26), ഡോ. റിയ ചദ്ദ (26), ഡോ.ബാനു ഡാഹിയ (27), ഡോ. ക്ഷിതിജ് ഗുപ്ത (26), ഇറ ബാസിന്‍ (23), മുഹമ്മദ് റഊഫ് (23) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്. ഇവരില്‍ രണ്ടുപേര്‍ മലയാളികളാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഡല്‍ഹി സ്വദേശികളാണ് മറ്റുള്ളവര്‍. നാല് സ്ത്രീകള്‍ എംബിബിഎസും ബിഡിഎസും അവസാന വര്‍ഷം പഠിക്കുകയായിരുന്നു. അഞ്ചുപേരില്‍ രണ്ട് പേര്‍ മെഡിക്കല്‍ ഓഫീസര്‍മാരും മൂന്ന് പേര്‍ എംബിബിഎസും ബിഡിഎസും പഠിക്കുന്ന വിദ്യാര്‍ഥികളുമാണ്.

നഗരത്തില്‍ ബണ്ട്‌സ് ഹോസ്റ്റല്‍ പരിസരത്തെ ഫ്ലാറ്റിലാണ് കിഷോരിലാല്‍ കഞ്ചാവ് സൂക്ഷിച്ചതെന്ന് മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍ എന്‍. ശശികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിറ്റി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച്.എം ശ്യാംസുന്ദറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളുടെ മുറി റെയ്ഡ് ചെയ്യുകയായിരുന്നു. നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍ക്കാനാണ് ഫ്ലാറ്റില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ട് കിലോ കഞ്ചാവും രണ്ട് മൊബൈല്‍ ഫോണുകളും 7,000 രൂപയും പൊലീസ് പിടിച്ചെടുത്തു. വിശാഖപട്ടണത്ത് നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്.

ഇന്നലെ അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കിയെങ്കിലും  കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Back to top button
error: