KeralaNEWS

വിഴിഞ്ഞം സമരം: സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി സമരസമിതി; പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങൾ അടിച്ചുതകർത്തു

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തു. കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. പ്രതിഷേധക്കാർ സ്റ്റേഷൻ കെട്ടിടവും പൊലീസ് വാഹനങ്ങളും അടിച്ചുതകർത്തു. എൺപതിലേറെ പൊലീസുകാർക്ക് പരിക്കുണ്ട്. ഇന്നലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതാണ് പ്രകോപന കാരണം. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മൊബൈലിൽ സംഘർഷമാവസ്ഥ ചിത്രീകരിക്കാൻ ശ്രമിച്ചവർക്കെതിരെയും കൈയ്യേറ്റം ഉണ്ടായിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽനിന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിസരത്തേക്ക് ആളുകൾ എത്തുന്നുണ്ട്.

അടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പൊലീസുകാർ സ്റ്റേഷൻ ഉള്ളിൽ തന്നെ തുടരുകയാണ്. സിറ്റി, റൂറൽ മേഖലകളിൽ നിന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തുന്നു. വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. സഹായമെത്രാൻ അടക്കം അമ്പതോളം വൈദികരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെയാണ് ഒന്നാം പ്രതിയാക്കി കേസെടുത്തത്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

Signature-ad

സ്വമേധയാ എടുത്തതടക്കം ആകെ പത്ത് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുറമുഖത്തിന് എതിരെ സമരം ചെയ്യുന്നവർക്ക് എതിരേ ഒമ്പത് കേസും, ജനകീയ സമര സമിതിക്ക് എതിരേ ഒരു കേസുമാണ് എടുത്തത്. വൈദികരടക്കം 95 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെതിരേയും കേസെടുത്തിട്ടുണ്ട്. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. തുറമുഖ വിരുദ്ധ സമര സമിതിക്കെതിരെ ആകെയുള്ള ഒൻപതു കേസുകളിൽ മൂന്ന് കേസുകളിലാണ് ബിഷപ് നെറ്റോ ഒന്നാം പ്രതിയായത്.

Back to top button
error: