രാത്രി വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ…? എങ്കിൽ നിങ്ങൾ ഈ വിവരങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. ഒരു സാധാരണ മുതിർന്ന ആൾക്ക് ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂർ ഉറക്കം ആവശ്യമാണ്. എന്നാൽ നിർഭാഗ്യവശാൽ 18 നും 65 നും ഇടയിൽ പ്രായമുള്ള മുതിർന്നവരിൽ മൂന്നിലൊന്നുപേർക്കും ആവശ്യമായ ഉറക്കം ലഭിക്കുന്നില്ലെന്ന് ശാസ്ത്രീയമായ പഠനങ്ങൾ പറയുന്നു. യൂറോപ്യൻ ഹാർട്ട്അസോസിയേഷൻ പറയുന്നത്, ഉറങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം രാത്രി 10 മുതൽ 11 വരെയാണ് എന്നാണ്. രാത്രി ഉറങ്ങാനും പകൽ ജോലി ചെയ്യാനും വേണ്ടിയുള്ളതാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ പലരും ആ ചിട്ട പാലിക്കുന്നില്ല എന്നതാണ് വാസ്തവം. രാത്രി വൈകി ഉറങ്ങുകയോ ഉറക്കമില്ലായ്മയോ ഒന്നിലധികം രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മുംബൈയിലെ മസീന ഹോസ്പിറ്റലിലെ ഇൻറർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോക്ടർ രുചിത്ത് ഷാ വിശദീകരിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമായേക്കാം. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ദമനികളുടെ വീക്കത്തിലേയ്ക്കും നയിച്ചേക്കാം. വീക്കം ഹൃദയസ്തംഭനത്തിനും കൊറോണറി- ആർട്ടറി രോഗങ്ങൾക്കും ഇടയാക്കും. ഉറക്കക്കുറവ് അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിച്ചേക്കാം.
എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങുന്നത് പ്രധാനമാണ്. ദിവസം ഏഴുമുതൽ എട്ടുമണിക്കൂർ വരെയെങ്കിലും ഉറങ്ങുക. ഉറങ്ങുന്നതിന് 30 മുതൽ 60 വരെ മിനിറ്റ് വരെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് കഫീൻ, ലഹരിവസ്തുക്കൾ ഇവയംടെ ഉപയോഗം ഒഴിവാക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും ചെയ്യുക. ഒന്നോ രണ്ടോ ദിവസത്തെ ഉറക്കം കുറവ് ദോഷകരമാകണം എന്നില്ല. ഇത് എളുപ്പത്തിൽ നേരിടാൻ കഴിയും. പക്ഷേ മാസങ്ങളോ വർഷങ്ങളോ ഉറക്കക്കുറവ് ഉണ്ടെങ്കിൽ ഹൃദ്രോഗത്തിനും നേരത്തെയുള്ള മരണത്തിനു ധാരാളം രോഗങ്ങൾക്കും ഇത് വഴി തെളിക്കും