യഥാർത്ഥ ജീവിതം ചിലപ്പോൾ കെട്ടുകഥകളേപ്പോലും അതിശയിപ്പിക്കും. ജീവിതത്തിൻ്റെ ഉയർച്ച താഴ്ചകൾ ആർക്കും പ്രവചിക്കാൻ സാദ്ധ്യമല്ല. കര്‍ണ്ണാടക സ്വദേശിയായ നവീന്‍കുമാർ എന്ന യുവാവാവിൻ്റെ ജീവിതവും അവിശ്വസിനീയമായൊരു വിജയകഥയാണ്. 1986 ല്‍ കര്‍ണ്ണാടകയിലെ ഭുവനഹള്ളിയില്‍ അരുണ്‍കുമാർ- പുഷ്പ ദമ്പതികളുടെ മകനായാണ് നവീന്‍ കുമാര്‍ ഗൗഡ ജനിക്കുന്നത്. അച്ഛന്‍ അരുണ്‍കുമാര്‍ കര്‍ണ്ണാടകയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍, അമ്മ പുഷ്പ ഒരു സാധാരണ വീട്ടമ്മയും.
സ്‌കൂള്‍കാലഘട്ടം മുതല്‍ അഭിനയത്തോട് കടുത്ത അഭിനിവേശമായിരുന്നു നവീന്‍കുമാറിന്. മകന്റെ ഇഷ്ടം തിരിച്ചറിഞ്ഞ് തങ്ങളാല്‍ കഴിയും വിധം അതിനെ പരിപോഷിപ്പിക്കാന്‍ അച്ഛനമ്മമാര്‍ കൂടെ നിന്നു. പക്ഷേ അഭിനയം എന്ന മോഹവുമായി സിനിമയിലേക്ക് പ്രവേശിക്കാൻ ഒരു മിഡില്‍ക്ലാസ്സ് കുടുംബത്തിന് അത്ര എളുപ്പമായിരുന്നില്ല. തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കയ്യിലുണ്ടായിരുന്ന 300 രൂപയുമായി നവീൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറി.
ഒരുപാട് നാളത്തെ അലച്ചിലുകള്‍ക്കൊടുവില്‍ ഒരു ചെറിയ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യാന്‍ അവസരം ലഭിച്ചു. പക്ഷേ കുറച്ചു ദിവസങ്ങക്കുള്ളില്‍ സാമ്പത്തിക പരാധീനതകൾ മൂലം ആ സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെക്കേണ്ടി വന്നു. വീണ്ടും നിരന്തരമായ അന്വേഷണങ്ങള്‍, അലച്ചിലുകള്‍. ആ അന്വേഷണം ചെന്നെത്തിയത് ‘ബേനക’ എന്ന നാടകട്രൂപ്പില്‍ ആയിരുന്നു. അവിടെ നിന്നും മികച്ച നിലവാരത്തിലുള്ള നാടകങ്ങളുടെ ഭാഗമാവുകയും നാടകവേദികളില്‍ പ്രസിദ്ധിനേടുകയും ചെയ്തു.
വൈകാതെ ‘നന്ദനഗോകുല’ എന്ന സീരിയലില്‍ നവീനിന് അവസരം ലഭിച്ചു. പിന്നീടുള്ള തട്ടകം സീരിയലായി മാറി. ലഭിക്കുന്ന ഓരോ അവസരങ്ങളും സ്വന്തം പ്രയത്നം കൊണ്ട് 100 ശതമാനം മികവുറ്റതാക്കാന്‍ നവീൻ കഠിനമായി പരിശ്രമിച്ചു. 2007 ല്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വളരെ ചെറിയ ഒരു റോളില്‍ കടന്നുവന്നു. 2008 ല്‍ ഒരു ലീഡിങ്ങ് ക്യാരക്ടര്‍ നവീനെ തേടി വന്നു. ആ റോള്‍ ഏറ്റവും മികച്ച സപ്പോര്‍ട്ടിങ്ങ് ക്യാരക്ടറിനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. കാലം കടന്നുപോയി. 2018 ഡിസംബര്‍ 21 കുറെ സിനിമകള്‍ റിലീസ് ചെയ്ത ദിവസം. അന്ന് മറ്റേതൊരു സിനിമയേയും പോലെ തിയറ്ററില്‍ എത്തിയതായിരുന്നു ആ ചിത്രം. തിയേറ്റര്‍ ഉടമകള്‍ക്ക് ആ കന്നട മൊഴിമാറ്റ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അത്ര വലിയ താല്‍പര്യമൊന്നും ഉണ്ടായിരുന്നുമില്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കിപ്പുറത്തേക്ക് 2022 ഏപ്രില്‍ 14-ാം തിയതി തിയേറ്റര്‍ ഉടമകള്‍ മറ്റ് സിനിമകളെല്ലാം മാറ്റി വെച്ച് മറ്റൊരു കന്നട മൊഴിമാറ്റ ചിത്രത്തിന് വേണ്ടി ക്യൂ നിന്നു.. അതെ ആദ്യ ദിനം തന്നെ കോടികള്‍ വാരിക്കൂട്ടിയ കെ.ജി.എഫ് 2 എന്ന ബ്രഹ്‌മാണ്ഡ ചിത്രം 2018 ല്‍ കെ.ജി.എഫ് 1 എന്ന കന്നട ചിത്രത്തിലൂടെ കന്നടസിനിമാ മേഖലയെ ലോകത്തിന് മുന്നില്‍ എത്തിച്ച വ്യക്തി…! അതെ നവീന്‍ കുമാര്‍ ഗൗഡ എന്ന യാഷ്.
കുട്ടിക്കാലം മുതല്‍ താന്‍ ഏത് കാര്യമാണോ ആഗ്രഹിച്ചത് ആ സ്വപ്നത്തിലേക്ക് യാഷ് തന്റെ 36-ാമത്തെ വയസ്സില്‍ എത്തി നില്‍ക്കുകയാണ്. പ്രയത്‌നിക്കുക… പ്രയത്‌നിക്കുക.. പ്രയത്‌നിക്കുക.. കാലം നമുക്ക് ആ പ്രയത്‌നത്തിനുളള ഫലം തിരിച്ചു തരിക തന്നെ ചെയ്യും എന്നതാണ് യാഷ് നേടിയ അവിശ്വസിനീയമായ വിജയം ഓർമ്മിപ്പിക്കുന്നത്.