വിജിന്‍ വര്‍ഗീസിനെ കാലടിക്കാര്‍ അറിയുന്നത് വന്‍കിട ഫ്രൂട്ട് കച്ചവടക്കാരനെന്ന നിലയിലാണ്. അന്താരാഷ്ട്ര തലത്തിലെ ലഹരിമരുന്നു കച്ചവടത്തിലൂടെയാണ് വിജിൻ വൻബിസിനസ് സാമ്രാജ്യം കെട്ടിയുയര്‍ത്തിയതെന്ന് നാട്ടുകാരും സുഹൃത്തുക്കളും അറിഞ്ഞത് ഇയാളുടെഅറസ്റ്റോടെയാണ്
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആപ്പിള്‍, നാരങ്ങ, ഓറഞ്ച് പെട്ടികളിലാണ് വിജിന്‍ മയക്കുമരുന്നുകളായ മെത്തും കൊക്കെയിനും ഹെറോയിനും കടത്തിയിരുന്നത്. യമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിൽ നടത്തിയ 1470 കോടിയുടെ മയക്കുമരുന്ന് ട്രക്ക് ഡിആര്‍ഐയുടെ പിടിയിലായത് കഴിഞ്ഞ ദിവസമാണ്.
ഇതിന് പിന്നാലെ ഇന്ന് വിജിന്റെ പേരിലെത്തിയ 520 കോടിയുടെ മയക്കുമരുന്നും ഡിആര്‍ഐ പിടിച്ചെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗ്രീന്‍ ആപ്പിളുമായി മുംബൈയില്‍ എത്തിയ കണ്ടെയ്‌നറില്‍ നിന്നാണ് 520 കോടിയുടെ കൊക്കെയ്ന്‍ പിടികൂടിയത്. ഇതോടെ കസ്റ്റഡിയിലുള്ള വിജിന്റെ അറസ്റ്റ് ഡിആര്‍ഐ രണ്ടാമതും രേഖപ്പെടുത്തിയിട്ടുണ്ട്
പഴം ഇറക്കുമതിയുടെ മറവില്‍ 1470 കോടിയുടെ മയക്ക്മരുന്ന് കടത്തിയ വിജിൻ വര്‍ഗീസിന്റെയും മന്‍സൂര്‍ തച്ചംപറമ്പിലിൻ്റെയും പേരിൽ വന്ന 520 കോടിയുടെ കൊക്കെയിനാണ് ഡി ആര്‍ ഐ പിടികൂടിയത്. ഓറഞ്ച് കാര്‍ട്ടിന്റെ മറവിലായിരുന്നു 1470 കോടി രൂപയുടെ ലഹരിക്കടത്ത് നടത്തിയത്. ഗ്രീന്‍ആപ്പിള്‍ കാര്‍ട്ടന്റെ മറവിലാണ് ഇത്തവണ 520 കോടിയുടെ കൊക്കെയിന്‍ കടത്ത് നടന്നത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഡിആര്‍ഐയുടെ ഓപ്പറേഷന്‍.മന്‍സൂര്‍ തച്ചംപറമ്പിലിന്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ഫ്രഷ് എന്ന സ്ഥാപനം വിജിന്‍ വര്‍ഗീസിന്റെ കൊച്ചി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി നടത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കാലടി സ്വദേശിയായ വിജിന്‍ വര്‍ഗീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മന്‍സൂറിനായി ഇന്റര്‍പോളിന്റേയടക്കം സഹായം തേടിയിരിക്കുകയാണ് ഡി ആര്‍ ഐ.