Breaking NewsNEWS

ആര്‍.എസ്.എസിനെ മൂന്നുതവണ നിരോധിച്ചിട്ടെന്തായി? പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരേ യെച്ചൂരി

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനകളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്നും നിരോധനം പരിഹാരമല്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശത്രുതയും ഭീതിയും വളര്‍ത്തുന്ന രാഷ്ട്രീയത്തിന് പരിഹാരം ബുള്‍ഡോസര്‍ രാഷ്ട്രീയമല്ല. മതനിരപേക്ഷത ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും യെച്ചൂരി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തീവ്രവാദ പ്രസ്ഥാനങ്ങളെ എക്കാലത്തും എതിര്‍ക്കുന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. ഭീകരപ്രവര്‍ത്തനങ്ങള്‍ നിശ്ചയമായും അവസാനിപ്പിക്കേണ്ടതാണ്. കേരളത്തില്‍ ആലപ്പുഴയിലും പാലക്കാടും കൊലപാതകവും തിരിച്ചടിയായി പ്രതികാര കൊലപാതകവും നടന്നു. ഇത്തരം നടപടികള്‍ ഇരുകൂട്ടരും അവസാനിപ്പിക്കേണ്ടതാണ്.

രാജ്യത്ത് ആര്‍.എസ്.എസിനെ മൂന്നു തവണ നിരോധിച്ചിരുന്നു. എന്നാല്‍, ഇതുകൊണ്ട് പ്രവര്‍ത്തനം അവസാനിച്ചോ?. വര്‍ഗീയ ധ്രുവീകരണ, വിദ്വേഷ, ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം തുടര്‍ന്നില്ലേ. സി.പി.ഐ മാവോയിസ്റ്റിനെയും രാജ്യത്ത് നിരോധിച്ചു. എന്നാല്‍, ഇപ്പോഴും രാജ്യത്തിന്റെ ചില ഭാഗത്ത് ഇപ്പോഴും സുരക്ഷാസേനയും മാവോയിസ്റ്റുകളും ഏറ്റുമുട്ടല്‍ നടക്കുന്നു. മുമ്പ് സിമിയെ നിരോധിച്ചിട്ടും മറ്റു തരത്തില്‍ അവ പ്രവര്‍ത്തനം തുടര്‍ന്നില്ലേയെന്ന് യെച്ചൂരി ചോദിച്ചു.

തീവ്രവാദവും വിഘടനവാദവും വളര്‍ത്തുന്ന ഇത്തരം ശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അതൊടൊപ്പം ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍ ഭരണതലത്തില്‍ കര്‍ശന നടപടിയെടുക്കുകയും വേണം. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ധ്രുവീകരണം അവസാനിപ്പിക്കുകയും രാജ്യത്തെ മതേതര ജനാധിപത്യ അടിത്തറയെ ശക്തിപ്പെടുത്തുകയുമാണ് വേണ്ടത്.

കേരളത്തിലെ നേതാക്കള്‍ ആര്‍.എസ്.എസിനെ നിരോധിക്കാനല്ല പറഞ്ഞത്, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച അതേ തത്വം അനുസരിച്ച് ആര്‍.എസ്.എസിനെയും നിരോധിക്കാനാണ് ആവശ്യപ്പെട്ടത്. ഒരു തത്വം എല്ലാവര്‍ക്കും ബാധകമാണെന്നാണ് ചൂണ്ടിക്കാട്ടിയത്. എല്ലാത്തരം തീവ്രവാദവും അവസാനിപ്പിക്കേണ്ടതാണ്. നിരോധനങ്ങള്‍ കൊണ്ട് മുന്‍കാലത്ത് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല എന്നത് നമുക്കു മുന്നിലുള്ള യാഥാര്‍ത്ഥ്യമാണെന്നും യെച്ചൂരി പറഞ്ഞു.

 

Back to top button
error: