കൊച്ചി: ബസ് കാറില്‍തട്ടിയതിനെ ചോദ്യം ചെയ്ത മകനെ ജീവനക്കാര്‍ കുത്തുന്നതു കണ്ട് പിതാവ് കുഴഞ്ഞുവീണു മരിച്ചു. ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് (54) മരിച്ചത്. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനെ(20) കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഒന്നാം പ്രതിയായ ബസിന്റെ ഡ്രൈവര്‍ ചെറായി സ്വദേശി ടിന്റുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി 7.45നാണ് സംഭവം നടന്നത്. പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്ത് വച്ചാണ് സ്വകാര്യബസ് ജീവനക്കാരും ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനും തമ്മില്‍ വാക്കേറ്റമുണ്ടായത്. കോഴിക്കോട്-വൈറ്റില റൂട്ടിലോടുന്ന നര്‍മ്മദ എന്ന സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ പറവൂരില്‍ വച്ച് ഫര്‍ഹാനും ഫസലുദ്ദീനും യാത്ര ചെയ്ത കാറിന്റെ കണ്ണാടിയില്‍ തട്ടിയിരുന്നു.
ഇത് ചോദ്യം ചെയ്തപ്പോഴാണ് ബസ് ജീവനക്കാര്‍ ആക്രമിക്കാനെത്തിയതെന്നാണ് ഫര്‍ഹാന്‍ പൊലീസിന് നല്‍കിയ മൊഴി. നിര്‍ത്താതെ പോയ ബസിനെ ഫര്‍ഹാന്‍ പിന്തുടര്‍ന്ന് ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് നടന്ന വാക്കേറ്റമാണ് കത്തിക്കുത്തിലേക്കും മധ്യവയസ്‌കന്റെ മരണത്തിലേക്കും നയിച്ചത്.
തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ ടിന്റു വാഹനത്തില്‍ നിന്നും കത്തിയെടുത്തു ഫര്‍ഹാനെ കുത്തുകയായിരുന്നു. ഇത് തടഞ്ഞ ഫര്‍ഹാന്റെ കൈ കത്തി തട്ടി മുറിഞ്ഞു. ഇതു കണ്ട് കാറിലുണ്ടായിരുന്ന ഫസലുദ്ദീന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഫസലുദ്ദീനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ സ്വകാര്യ ബസ് ജീവനക്കാര്‍ വാഹനമെടുത്ത് ഇവിടെനിന്നു കടന്നുകളയുകയായിരുന്നു.