KeralaNEWS

സി.പി.ഐക്ക് മുഖ്യമന്ത്രിസ്ഥാനം വേണം, രണ്ടുവര്‍ഷത്തേക്കെങ്കിലും: ആവശ്യവുമായി കൊല്ലം ജില്ലാ സമ്മേളനം; വകുപ്പ് വാങ്ങുന്നതില്‍ പാര്‍ട്ടി വന്‍ തോല്‍വി, കാനത്തിനും രൂക്ഷ വിമര്‍ശനം

കൊല്ലം: സിപിഐക്കും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യമുയര്‍ത്തി പാര്‍ട്ടി കൊല്ലം ജില്ലാ സമ്മേളന പ്രതിനിധികള്‍. പാര്‍ട്ടിക്ക് മുന്‍പ് മുഖ്യമന്ത്രിയുണ്ടായിട്ടുണ്ടെന്നും രണ്ട് വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇനിയും ഉന്നയിക്കണമെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം.

പ്രധാനപ്പെട്ട വകുപ്പുകള്‍ പുതിയതായി ചോദിച്ചുവാങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും ഉണ്ടായിരുന്ന നല്ല വകുപ്പുകള്‍ സിപിഎം പിടിച്ചെടുത്തുവെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. മറ്റു ജില്ലാസമ്മേളനങ്ങളിലേത് പോലെ സിപിഎമ്മിനും സര്‍ക്കാരിനുമെതിരേയുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും അധികാരത്തിനായുള്ള ചര്‍ച്ചകളാണ് കൊല്ലത്ത് മുന്നിട്ടുനിന്നത്. കുറച്ച് കാലത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാന്‍ നേതാക്കള്‍ ശ്രമിക്കണമെന്നും തങ്ങളുടെ വകുപ്പുകളില്‍ നടക്കുന്ന നിയമനം പോലും സിപിഐ മന്ത്രിമാര്‍ അറിയുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും വിമര്‍ശനങ്ങളുയര്‍ന്നു. സര്‍ക്കാരിനെയും മുന്നണിയേയും ബാധിക്കുന്ന ഒരു പ്രശ്നമുണ്ടായാല്‍ കാനം രാജേന്ദ്രന്‍ മിണ്ടാറില്ല. മുന്‍പുള്ള സിപിഐ സെക്രട്ടറിമാര്‍ ഇങ്ങനെയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന് എതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. വകുപ്പ് തികഞ്ഞ പരാജയമാണെന്നും വിലക്കയറ്റം ഉള്‍പ്പെട രൂക്ഷമാകുമ്പോള്‍ അത് പിടിച്ചുനിര്‍ത്താന്‍ ഒരു നടപടിയും ഭക്ഷ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കുറ്റപ്പെടുത്തല്‍.

ഇടതുമുന്നണിയെ പിണറായിവത്കരിക്കുകയാണെന്നായിരുന്നു കൊല്ലത്തുയര്‍ന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന്. ‘കേന്ദ്രത്തില്‍ ഹിന്ദുത്വവത്കരണം കേരളത്തില്‍ പിണറായിവത്കരണം’ എന്നാണ് നാട്ടിലെ സംസാരമെന്ന് പുനലൂരില്‍നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പുറത്തുനില്‍ക്കുമ്പോള്‍ സി.പി.എം. പിന്‍വാതില്‍ നിയമനം നടത്തുന്നെന്നും ഇത് കണ്ടില്ലെന്നു നടിക്കരുതെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. സഹകരണമേഖലയില്‍ ഇടത് കാഴ്ചപ്പാടിന് നിരക്കാത്ത പ്രവണതകളാണ് സി.പി.എം. സ്വീകരിക്കുന്നതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പിനെതിരെയും ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പില്‍ സിപിഎമ്മുകാരെ തിരുകി കയറ്റിയെന്ന് ഒരു പ്രതിനിധി വിമര്‍ശിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഐയുടെ വകുപ്പുകള്‍ തിരിച്ചെടുത്ത് എല്‍ഡിഎഫിലെ ചെറിയ പാര്‍ട്ടികള്‍ക്ക് നല്‍കിയെന്നും പ്രധാനപ്പെട്ട പുതിയ വകുപ്പുകള്‍ സിപിഐക്ക് ചോദിച്ച് വാങ്ങാനായില്ലെന്നും വിമര്‍ശനമുയര്‍ന്നു.

 

Back to top button
error: