BusinessTRENDING

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയോ? സമയപരിധി കഴിഞ്ഞാലും ഈ നികുതിദായകര്‍ പിഴ അടക്കേണ്ട

നികുതിദായകര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. നിശ്ചിത തീയതിക്ക് ശേഷം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ 5,000 രൂപ പിഴ അടയ്ക്കേണ്ടി വരും എന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് എല്ലാ നികുതി ദായകര്‍ക്കും ബാധകമാണോ? നിശ്ചിത തീയതിക്കകം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാലും എല്ലാ നികുതി ദായകരും പിഴ നല്‍കേണ്ട ആവശ്യമില്ല.

നിലവിലുള്ള നിയമം അനുസരിച്ച് സമയപരിധി കഴിഞ്ഞതിനാല്‍, നികുതിദായകര്‍ക്ക് 5,000 രൂപ പിഴ ചുമത്തും. എന്നാല്‍ ചില വ്യക്തിഗത നികുതിദായകരെ പിഴ അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരൊക്കെയാണ് ഇങ്ങനെ ഇളവുകള്‍ നേടുന്നവര്‍? പുതിയ വ്യവസ്ഥ അനുസരിച്ച്, 2.5 ലക്ഷം രൂപയ്ക്ക് താഴെയുള്ള നികുതി ദായകര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാലും പിഴ ഈടാക്കില്ല. പഴയ നികുതി വ്യവസ്ഥയില്‍, ഇളവ് പരിധി നികുതിദായകന്റെ പ്രായത്തെ ആശ്രയിച്ചായിരുന്നു. പഴയ നികുതി വ്യവസ്ഥ അനുസരിച്ച്, 60 വയസ്സ് വരെയുള്ള നികുതിദായകര്‍ക്ക് 2.50 ലക്ഷം രൂപയാണ് ഇളവ് പരിധി.

3 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള 60 നും 80 നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരും ഒഴിവാക്കപ്പെട്ട വിഭാഗത്തില്‍ പെടുന്നു. 80 വയസ്സിന് മുകളിലുള്ളവര്‍ക്കും, സൂപ്പര്‍ സീനിയര്‍ സിറ്റിസണുകള്‍ക്കും, ഇളവ് പരിധി 5 ലക്ഷം രൂപയാണ്. എന്നാല്‍ ഒരു വ്യക്തിയുടെ വരുമാനം വാര്‍ഷിക നികുതി ഇളവ് പരിധിയേക്കാള്‍ കുറവാണെങ്കില്‍പ്പോലും, വ്യക്തികള്‍ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ഐടിആര്‍ ഫയല്‍ ചെയ്യണം.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു ബാങ്കിലോ സഹകരണ ബാങ്കിലോ ഒന്നോ അതിലധികമോ കറന്റ് അക്കൗണ്ടുകളിലായി നികുതിദായകന്‍ ഒരു കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍, ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അതുപോലെ, ഒരു വ്യക്തി തനിക്കോ മാറ്റ് ആര്‍ക്കെങ്കിലുമോ വേണ്ടി വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി 2 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിച്ചാല്‍ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ബാധ്യസ്ഥനാണ്. ഒരു വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വൈദ്യുതി ബില്ലുകള്‍ അടച്ച വ്യക്തിഗത നികുതിദായകനും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിതമാണ്.

Back to top button
error: