KeralaNEWS

പുഴ മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലനെ കാണാതായിട്ട് രണ്ട് നാള്‍; കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍

ഇടുക്കി: വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ പുഴ മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍. കുട്ടിയെ കണ്ടെത്താന്‍ ഇന്ന് വീണ്ടും തിരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെയാത്ര ചെയ്താല്‍ മാത്രമേ കുട്ടി ഒഴുക്കില്‍പെട്ട ഭാഗത്ത് എത്താന്‍ സാധിക്കുകയുള്ളു. നേരം ഇരുട്ടിയതോടെ സംഘം കുട്ടിക്കായുള്ള തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. രണ്ട് ടീമായി തിരിഞ്ഞ് രാവിലെ 7 മണി മുതല്‍ തിരച്ചില്‍ വീണ്ടും ആരംഭിച്ചിരുന്നു. ഒരു സംഘം പരുന്തുംപാറയ്ക്ക് താഴെ ഭാഗത്തും ഒരു സംഘം പുറക്കയം ഭാഗത്തുമാണ് തിരച്ചില്‍ നടത്തിയത്. ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്.

മഴക്കാലമായതോടെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒഴുക്കില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ തോട്ടിലെ കുത്തൊഴുക്കില്‍പ്പെട്ട പിഞ്ചുകുഞ്ഞിനും മാതാവിനും രക്ഷകനായത് മരംവെട്ട് തൊഴിലാളിയാണ്. തലവടി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ദേവസ്വംചിറ വീട്ടില്‍ ഷാജിയാണ് (സലി) പിഞ്ചുകുഞ്ഞിനും മാതാവിനും രക്ഷകനായത്. ഷാജിയുടെ വീടിന് സമീപം താമസിക്കുന്ന കുരുമ്പാക്കളം ശ്രീലക്ഷ്മിയും ഒന്നര വയസ്സുള്ള മകന്‍ അദ്രിനാഥുമാണ് ഒഴുക്കില്‍പ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. മുറ്റത്ത് കളിച്ചു നിന്നിരുന്ന കുട്ടി വീടിന് മുന്‍വശത്തെ തോട്ടില്‍ വീഴുകയായിരുന്നു.

കുട്ടി തോട്ടിലേക്ക് വീഴുന്നതുകണ്ട മുത്തശ്ശി അലമുറയിട്ട് കരഞ്ഞു. കരച്ചില്‍ കേട്ട് ഓടിയെത്തിയ ശ്രീലക്ഷ്മി തോട്ടിലേക്ക് എടുത്തുചാടി. കുട്ടിയെ പിടികിട്ടിയെങ്കിലും നീന്തലറിയാത്ത ശ്രീലക്ഷ്മിയും മകനും ഒഴുക്കില്‍പ്പെട്ടു. വീട്ടിനുള്ളില്‍ ടിവി കണ്ടിരുന്ന ഷാജി അലമുറകേട്ട് ഓടിയെത്തിയപ്പോള്‍ തോട്ടിലൂടെ ഒഴുക്കിപ്പോകുന്ന അമ്മയേയും മകനേയും കണ്ടു. ഇതോടെ ഷാജി തോട്ടിലേക്ക് എടുത്ത് ചാടി ഇരുവരേയും കരയ്ക്ക് എത്തിക്കുകയായിരുന്നു. അദ്രിനാഥും ശ്രീലക്ഷ്മിയും പ്രാഥമിക ശുശ്രൂഷ തേടി.

 

Back to top button
error: