NEWS

നിർധനരായ 250 കുടുംബങ്ങൾക്ക് വീട് യാഥാർത്ഥ്യമാക്കി സുനിൽ ടീച്ചർ

കെട്ടിമറയ്ക്കാത്ത ഷെഡ്ഡിൽ താമസിക്കുന്ന ഒരു പെൺകുട്ടി. രാത്രി ഉറങ്ങുമ്പോൾ വാതിലായി ഉപയോഗിക്കുന്നത് ചുരിദാറിന്റെ ഷാൾ. ഇങ്ങനെയൊരാൾ തന്റെ കോളേജിലുണ്ടെന്ന് കേട്ടപ്പോൾ അദ്ഭുതമായിരുന്നു. അതിനെക്കാളേറെ ഞെട്ടിച്ചത് കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി ആ പെൺകുട്ടി തന്റെ വിദ്യാർഥിനിയായിരുന്നു എന്നതാണ്. അതൊരു തിരിച്ചറിവായിരുന്നു. മറ്റൊരു ലോകത്തേക്കുള്ള യാത്രയുടെ തുടക്കം. 250 – ാമത്തെ വീട് നിർമിച്ചു നൽകാനൊരുങ്ങുന്ന സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഈ രംഗത്തേക്ക് വരാൻ തന്നെ പ്രേരിപ്പിച്ച ഈ ആദ്യ സംഭവം ഇപ്പോഴും നന്നായി ഓർക്കുന്നുണ്ട്. ആ വിദ്യാർഥിനിയുടെ പേരുൾപ്പെടെ.
ഒട്ടേറെ കഷ്ടപ്പെട്ടാണ് 2005 ൽ ആ വീട് പൂർത്തിയാക്കിയത്. സഹായിക്കാമെന്നേറ്റയാള്‍ അവസാന നിമിഷം പിന്മാറി. പുറത്തു നിന്ന് സഹായങ്ങൾ ഒന്നും ലഭിച്ചില്ല. ഏറ്റെടുത്ത ദൗത്യം ഉപേക്ഷിക്കേണ്ടി വരുമോ എന്നു പോലും തോന്നിപ്പോയി. എന്നാൽ കൂടെ ജോലി ചെയ്തിരുന്ന കോളജിലെ പ്രിൻസിപ്പൽ ഉൾപ്പെടെ എല്ലാ അധ്യാപകരും ഒപ്പം നിന്നു. മുന്നോട്ടു പൊയ്ക്കൊള്ളൂ, ഞങ്ങൾ കൂടെയുണ്ട് എന്നവർ പറഞ്ഞു. അതിന് ഫലമുണ്ടായി. ഒട്ടേറെ പേരുടെ ജീവിതത്തിന് തണലാകാനുള്ള യാത്രയുടെ തുടക്കം അവിടെ നിന്നായിരുന്നു– സുനിൽ പറയുന്നു.
യുഎസിലെ ഹൂസ്റ്റൺ കൗണ്ടി ജഡ്ജിയായ കെ.പി. ജോർജാണ് ആദ്യമായി സഹായവുമായി മുന്നോട്ട് വന്നത്. അപ്പോഴേക്കും മൂന്നു വീടുകൾ നിർമിച്ച് കൈമാറ്റം ചെയ്തു കഴിഞ്ഞിരുന്നു. പിന്നീട് പലഘട്ടങ്ങളിലായി പലരും സഹായവുമായി വന്നു.
ആദ്യത്തെ വീട് നിർമിക്കുമ്പോൾ എങ്ങനെ ഒരു വീട് നിർമിക്കാമെന്ന് പോലും അറിയില്ലായിരുന്നു. ജനാലകൾ ഉൾപ്പെടെ സാധനങ്ങൾ നോക്കിയെടുക്കാൻ പോലും അറിയില്ല. അവിടെ നിന്നാണ് ഇന്നീ കാണുന്ന 250 വീടുകൾ എന്ന നിലയിലേക്ക് എത്തിയത്. ഓഫിസ് സംവിധാനമോ മാനേർജർമാരോ ഇല്ല. ഞാനും സുഹൃത്ത് ജയലാലും കൂടിയാണ് എല്ലാം മാനേജ് ചെയ്യുന്നത്. സാമ്പത്തികം കുറവായതു കൊണ്ട് കോൺട്രാക്ട് നൽകിയല്ല ഇതൊന്നും ചെയ്യുന്നത്. അതുകൊണ്ട് തന്നെ അധ്വാനം ഒരുപാട് ഏറെയാണ്. എപ്പോഴും കൂടെത്തന്നെയുണ്ടാവണം. ടിപ്പർ ലോറിയിൽ വരെ യാത്ര െചയ്തിട്ടുണ്ട്. ഇതിനോടകം ആറു ജില്ലകളിൽ വീടു നിർമിച്ചു നൽകിയിട്ടുണ്ട്– സുനിൽ പറഞ്ഞു.
ചാലക്കയത്ത് മരത്തിനടിയിൽ താമസിക്കുന്നവരെ കണ്ടിട്ടുണ്ട്. ഭക്ഷണമോ മറ്റ് സൗകര്യമോ ഇല്ലാത്തവർ. ടാർപോളിൻ കൊണ്ട് മേൽക്കൂര നിർമിച്ച് അതിനടിയിൽ താമസിക്കുന്നവർ. സർക്കാർ പോലും അന്ന് അവരെ ശ്രദ്ധിച്ചിരുന്നില്ല. ആളുകളെ കണ്ടാൽ അവർ വനത്തിലേക്ക് ഓടി മറയും. അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ സാധിച്ചത് വലിയ നേട്ടമായി കാണുന്നു. അവർക്ക് കുടിലുകൾ നിർമിച്ച് നൽകി. വസ്ത്രങ്ങളും മറ്റ് സഹായങ്ങളും നൽകി. അതുപോലെ ഒരുപാട് പേർ.
വീട് നിർമിച്ചു ൈകമാറ്റം ചെയ്തു കഴിഞ്ഞാലും അവരുമായുള്ള ബന്ധം ഒരിക്കലും വേർപെടുത്താറില്ല. ആവശ്യമുള്ള സഹായവുമായി എപ്പോഴും അവരുടെ കൂടെത്തന്നെ ഉണ്ട്. അവരെ സ്വയം പര്യാപ്തരാക്കുക കൂടി തന്റെ ലക്ഷ്യമാണെന്ന് സുനിൽ ടീച്ചർ വിശ്വസിക്കുന്നു. എല്ലാ മാസവും ഒരുപാടു പേർക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ നൽകുന്നുണ്ട്. അതുപോലെ വിദ്യാഭ്യാസ സഹായങ്ങൾ നൽകുകയും കരിയർ ഗൈഡൻസ് ശിൽപശാലകൾ നടത്തുകയും ചെയ്യുന്നുണ്ട്. സ്വയംതൊഴിൽ എന്ന നിലയിൽ തയ്യൽ മെഷീനുകൾ നൽകുന്നു. ആടിനെ നൽകുന്നു. എപ്പോഴും താൻ അവരുടെ കൂടെത്തന്നെയുണ്ടെന്നാണ് ടീച്ചർ പറയുന്നത്.
ഒന്നും തന്റെ മിടുക്കു മാത്രമായി ടീച്ചർ കാണുന്നില്ല. സാമ്പത്തികമടക്കമുള്ള സഹായവും പ്രോത്സാഹനവുമായി ഒട്ടേറെ പേർ ഒപ്പം നിന്നതിൽ നിന്നാണ് വീടുകൾ ഉയർന്നത്. സ്പോൺസർമാരെ കണ്ടെത്തുകയല്ല, അവർ സുനിലിനെ ഇങ്ങോട്ടു തേടിയെത്തുകയാണ്. സാമ്പത്തിക സഹായം നൽകിയാൽ ഒരു പൈസ പോലും കുറയാതെ അത് അർഹതപ്പെട്ടവരുടെ കയ്യിലെത്തുമെന്ന ഉറപ്പാണ് ഈ വിശ്വാസത്തിനു പിന്നിലെന്ന് ടീച്ചർ ഉറച്ചു വിശ്വസിക്കുന്നു.

Back to top button
error: