മലപ്പുറം: പുളിക്കല്‍ അരൂര്‍ റോഡില്‍ സിറ്റി ആശുപത്രിക്ക് സമീപം ഇരുനില കെട്ടിടം തകര്‍ന്ന് റോഡിലേക്ക് വീണു. കാലപ്പഴക്കമുള്ള കെട്ടിടം ഇന്നലെ രാവിലെ ഏഴരയ്ക്കും ഒമ്പത് മണിക്കും രണ്ട് ഘട്ടങ്ങളിലായാണ് തകര്‍ന്നുവീണത്.
ഈ കെട്ടിടത്തിന് സമീപമുള്ള സ്റ്റാന്‍ഡില്‍ ഈ സമയം ഓട്ടോകളില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഉടമസ്ഥ തര്‍ക്കത്തെ തുടര്‍ന്ന് ഈ കടകളില്‍ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല.
കാലപ്പഴക്കത്താല്‍ തകര്‍ന്നുവീഴാറായ ഇരുനില കെട്ടിടം പൊളിച്ചുമാറ്റാത്തത് വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
കെട്ടിടത്തിന്റെ ബാക്കിഭാഗം ഏതുനിമിഷവും തകര്‍ന്നുവീഴുമെന്ന സ്ഥിതിയിലാണ്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.