IndiaNEWS

ഇനി പ്രതിഷേധിക്കാനും പാടില്ല; പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയും സത്യഗ്രഹവും ഉള്‍പ്പെടെ വിലക്കി ഉത്തരവ്

ദില്ലി: അഴിമതിയടക്കമുള്ള വാക്കുകളെ അണ്‍പാര്‍ലമെന്ററിയായി പ്രഖ്യാപിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ അടുത്ത വിവാദ ഉത്തരവുമായി ലോക്‌സഭ സെക്രട്ടേറിയറ്റ്. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. മതപരമായ ചടങ്ങുകള്‍ക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. സെക്രട്ടറി ജനറലിന്റേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ എന്താകും നടപടിയെന്ന് വ്യക്തമല്ല.

നിയമ നിര്‍മാണം മാത്രമല്ല, രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താനും തെറ്റായ നടപടികള്‍ തിരുത്താനും ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികള്‍ എത്തുന്ന സ്ഥലമാണ് പാര്‍ലമെന്റ്, അവിടെ പ്രതിഷേധിക്കാനുള്ള അവകാശം ജനപ്രതിനിധികള്‍ക്ക് നിഷേധിക്കുന്നത് ഏറെ വിവാദമാകുമെന്നുറപ്പ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അണ്‍ പാര്‍ലമെന്ററി പട്ടികയ്‌ക്കെതിരേ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് അതിലും വിവാദമാകുന്ന പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് പരത്തുന്നവന്‍, ഖലിസ്ഥാനി, വിനാശ പുരുഷന്‍ തുടങ്ങി അറുപതിലേറെ വാക്കുകള്‍ പാര്‍ലമെന്റിന് ഉള്ളില്‍ ഉപയോഗിക്കുന്നതില്‍ നിന്നു വിലക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ അണ്‍ പാര്‍ലമെന്ററി പട്ടിക. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. അണ്‍പാര്‍ലമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും.

സംഭവത്തില്‍ ലോക്‌സഭ സ്പീക്കറുടെ നിലപാട് തള്ളി പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. കൂടിയാലോചന നടത്താതെ ബുക്ക് ലെറ്റ് തയ്യാറാക്കിയ നടപടിക്കെതിരെ ലോക്‌സഭ സ്പീക്കര്‍ക്കും രാജ്യസഭ അധ്യക്ഷനും പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. പുതിയ ഇന്ത്യയുടെ ഡിക്ഷണറിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ വെല്ലുവിളിച്ചു.

Back to top button
error: