KeralaNEWS

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച അരിയില്‍ പുഴു

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ സ്‌കൂളിലെ അരിയില്‍ പുഴുവിനെ കണ്ടെത്തി. തിരുവനന്തപുരം വെങ്ങാനൂര്‍ ഗവര്‍മെന്റ് സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച അരിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. തുടര്‍ന്ന് ഈ അരി ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വെങ്ങാനൂര്‍ , കോവളം ഭാഗങ്ങളിലെ സ്‌കൂളുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. കുട്ടികള്‍ക്ക് നല്‍കാനായി അരി ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഏതാനും ദിവസം മുമ്പ് നെയ്യാറ്റിന്‍കരയിലെ സ്‌കൂളില്‍ നടത്തിയ പരിശോധനയിലും അരി വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരം സ്‌കൂളുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനാണ് അധികൃതരുടെ തീരുമാനം.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുതന്നെ കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന് നല്‍കിയ ചോറില്‍ തലമുടി കണ്ടെത്തിയത് ഏറെ വിവാദമായിരുന്നു. സംസ്ഥാനത്ത് നടന്നുവരുന്ന ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായാണ് സ്‌കൂളിലെത്തിയ മന്ത്രിക്ക് നല്‍കിയ
ചോറിലാണ് തലമുടി കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷണം മാറ്റി നല്‍കുകയായിരുന്നു. അതേസമയം, വിദ്യാര്‍ഥികളിലെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍നടത്തുന്ന പരിശോധന തുടരും. ആരോഗ്യ -വിദ്യാഭ്യാസ- ഭക്ഷ്യ വകുപ്പുകളാണ് പരിശോധന നടത്തുന്നത്. പല സ്‌കൂളുകളിലും ആവശ്യത്തിന് പാചക ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

 

Back to top button
error: