രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന്
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 15-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ജൂലൈ 21-നാണ് വോട്ടെണ്ണല്‍. രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിനു മുന്‍പ് പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, രാജ്യതലസ്ഥാന പ്രദേശമായ ഡല്‍ഹിയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ എല്ലാ സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക. 4,896 ഇലക്ടര്‍മാര്‍ അടങ്ങുന്ന ഇലക്ടറല്‍ കോളേജിന്റെ ആകെ മൂല്യം 10,98,903 ആണ്, വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കാന്‍ കുറഞ്ഞത് 50 ശതമാനം വോട്ട് ലഭിച്ചിരിക്കണം. 233 രാജ്യസഭാംഗങ്ങളും, 543 ലോക്സഭാംഗങ്ങളും, 4,120 നിയമസഭാ സാമാജികരും – ആകെ 4,896 ഇലക്ടര്‍മാര്‍ അടങ്ങുന്നതാണ് ഇലക്ടറല്‍ കോളേജ്.
ഓരോ എംപിയുടെയും വോട്ടിന്റെ മൂല്യം 708 ആയി നിജപ്പെടുത്തിയിരിക്കുന്നു, സംസ്ഥാനങ്ങളില്‍ ഒരു എംഎല്‍എയുടെ വോട്ടിന്റെ മൂല്യം ഏറ്റവും ഉയര്‍ന്നത് 208 ആണ്. ഓരോ വോട്ടിന്റെയും മൂല്യം 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കി അതാത് സംസ്ഥാനത്തെ ജനസംഖ്യയുടെ ആനുപാതികമായി മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നു. അതനുസരിച്ച്, ഇലക്ടറല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ വോട്ട് മൂല്യമുള്ളത് ഉത്തര്‍പ്രദേശിനാണ്. ഉത്തര്‍പ്രദേശ് നിയമസഭയുടെ മൊത്തം വോട്ടുകളുടെ മൂല്യം 83,824 ആണ്. രാജ്യസഭയിലെയും ലോക്‌സഭയിലെയും സംസ്ഥാനനിയമസഭകളിലെയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാകില്ല. മാത്രമല്ല, നിയമസഭാ കൗണ്‍സിലിലെ അംഗങ്ങള്‍ക്കും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.
രാംനാഥ് കോവിന്ദിന് ബിജെപി രണ്ടാമൂഴം കൊടുക്കാന്‍ സാധ്യതയില്ലെന്നാണ് ഇതുവരെയുള്ള സൂചന അതിനാല്‍ അടുത്ത രാഷ്ട്രപതിയാരെന്നതില്‍ ചര്‍ച്ചകള്‍ ഇനി സജീവമാകും. എന്‍.ഡി.എ. ഘടകകക്ഷികള്‍ നിലപാട് മാറ്റാതിരിക്കുകയും ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളുടെ പിന്തുണ കൂടി പ്രതീക്ഷിക്കുന്ന ബിജെപി കാര്യമായ വെല്ലുവിളി കൂടാതെ തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാം എന്ന ആത്മവിശ്വാസത്തിലാണ്. പ്രതിപക്ഷം ആരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തും എന്നതിലും വ്യക്തത വരേണ്ടതുണ്ട്. പൊതുസമ്മതനായ ഒരാളെ മത്സരിപ്പിക്കാനാകും പതിപക്ഷ നീക്കം. ജാതി സെന്‍സസ് വിഷയത്തില്‍ ബിജെപിയുമായി ഉടക്കി നിന്ന നിതീഷ് കുമാറിന്റെ നിലപാട് നിര്‍ണായകമാകും.
കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാക്കളായ അനുസൂയ ഉയ്‌കെ, ദ്രൗപതി മുര്‍മു, കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗഹലോത്ത് തുടങ്ങിയവരുടെ പേരുകള്‍ ബിജെപിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന. എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും മുന്നണി സ്ഥാനാര്‍ത്ഥിക്ക് തന്നെയാവും രാജ്യസഭയില്‍ കൂടുതല്‍ വോട്ട്‌നേടാനാവുക. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും (ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍) നേടിയ വിജയം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നു.