കാന്‍സര്‍ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി പണച്ചെലവാണ്. ദരിദ്രർക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്.
1. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി
ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനക കാര്‍ഡുള്ള കുടുംബത്തിന് ഒരു വര്‍ഷം പരമാവധി അഞ്ചുലക്ഷം രൂപവരെ ചികിത്സാസഹായം ലഭിക്കും.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് അര്‍ഹരല്ലാത്ത ബി.പി.എല്‍ കുടുംബത്തിനും വാര്‍ഷികവരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ള എ.പി.എല്‍ കുടുംബത്തിനും കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപവരെ സഹായം ലഭിക്കും.
2. കാൻസർ സുരക്ഷാ പദ്ധതി
കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ 18 വയസ്സില്‍ താഴെയുള്ള കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന പദ്ധതി. രോഗം സ്ഥിരീകരിച്ച ശേഷം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. അതത് ആശുപത്രികളില്‍ നിയോഗിച്ചിട്ടുള്ള സാമൂഹികസുരക്ഷാ മിഷന്റെ കൗണ്‍സലര്‍മാര്‍ നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ സ്കീം പരിധിയില്‍ വരുന്ന കുട്ടികള്‍, പേവാര്‍ഡുകളില്‍ ചികിത്സ തേടുന്ന കുട്ടികള്‍ എന്നിവര്‍ക്ക് കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ സഹായം ലഭിക്കില്ല.
3. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആരോഗ്യ സുരക്ഷാപദ്ധതി
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആശുപത്രി വഴി വൈദ്യസഹായം നല്കുന്ന പദ്ധതി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും പരിയാരം സഹകരണ മെഡിക്കല്‍ കോളജ്, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലും ഈ പദ്ധതി പ്രകാരം പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും.
4. സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ്
ആരോഗ്യ- കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ‘സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് ടു ദ പുവര്‍’ നിര്‍ധനരായ രോഗികള്‍ക്ക് പരമാവധി അമ്പതിനായിരം രൂപ വരെ ചികിത്സാസഹായം നല്കുന്നു. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രോഗങ്ങളുടെയും ശസ്ത്രക്രിയകളുടെയും കൂട്ടത്തില്‍ കാന്‍സര്‍ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്, ട്യൂമര്‍ റിമൂവല്‍ എന്നിവയുമുണ്ട്. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളുംwww.dhs.kerala.gov.in
എന്ന വെബ് സൈറ്റിൽ SMAP എന്ന ലിങ്കില്‍ ലഭ്യമാണ്.
5. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധി
മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും പേരിലുള്ള ദുരിതാശ്വാസ നിധികളില്‍ നിന്ന് ചികിത്സാസഹായം ലഭിക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റും ഡോക്ടറുടെ സാക്ഷ്യപത്രവും സഹിതം അപേക്ഷിക്കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിക്കുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഇംഗ്ലീഷിലായിരിക്കണം.